ദുബൈ: ലോകത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പുകളെ പരിചയപ്പെടുത്താനും നിക്ഷേപം ആകർഷിക്കാനും ലക്ഷ്യമിട്ട് ദുബൈ ഹാർബറിൽ നാലുദിവസമായി നടന്നുവന്ന എക്സ്പാൻഡ് നോർത്തൺ സ്റ്റാർ പ്രദർശനം സമാപിച്ചു. ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി സംഘടിപ്പിച്ച ഒമ്പതാമത് എഡിഷനിൽ 100 രാജ്യങ്ങളിൽനിന്നായി 1200 നിക്ഷേപകരും 1800 സ്റ്റാർട്ടപ്പുകളും പങ്കെടുത്തു.
ഒക്ടോബർ 12 മുതൽ 15 വരെ നടന്ന പ്രദർശനത്തിൽ മൊത്തം 40,000 കോടി ഡോളർ വിപണിമൂല്യമുള്ള 65 യൂനികോണുകളുടെ പങ്കാളിത്തം ആകർഷിക്കാൻ കഴിഞ്ഞതായി അധികൃതർ അവകാശപ്പെട്ടു. ആസ്ട്രേലിയ, ആസ്ട്രിയ, കാനഡ, ഗ്രീസ്, അയർലന്റ്, ലാത്വിയ, ലിത്വാനിയ, പോളണ്ട്, മലേഷ്യ, സിംഗപ്പൂർ എന്നീ രാജ്യങ്ങൾ ആദ്യമായി മേളയുടെ ഭാഗമായി. അസർബൈജാൻ, മൗറീഷ്യസ്, പെറു, മാൾട്ട, സൈപ്രസ് എന്നീ രാജ്യങ്ങളിൽനിന്നുള്ള നിക്ഷേപകരും മേളയിൽ സന്ദർശനം നടത്തി. യൂറോപ്യൻ സ്റ്റാർട്ടപ് കമ്പനികളിൽനിന്ന് മികച്ച പങ്കാളിത്തമാണ് ഇത്തവണയുണ്ടായത്. 350 സ്റ്റാർട്ടപ് കമ്പനികൾ യൂറോപ്യൻ സ്റ്റാർട്ടപ്പുകളിൽ നിന്നായിരുന്നു. ബ്രസീൽ പവലിയൻ ഉൾപ്പെടെ 50 ഡിജിറ്റൽ കമ്പനികൾ അവരുടെ ആഗോള വിപുലീകരണ ഹബ്ബായി ദുബൈയെ തിരഞ്ഞെടുത്തു. നാലുദിവസവും സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ആദ്യമായി മേളയിൽ പങ്കെടുക്കുന്ന സ്റ്റാർട്ടപ്പുകളുടെ എണ്ണം ഈ വർഷം 1584 ലെത്തി. മേളയിൽ പങ്കെടുത്ത മൊത്തം സ്റ്റാർട്ടപ്പുകളുടെ 88 ശതമാനം വരുമിത്.
കേരളത്തിൽനിന്ന് 27 സ്റ്റാർട്ടപ്പുകളാണ് കേരള സ്റ്റാർട്ടപ് മിഷന്റെ കീഴിൽ ഇത്തവണ പ്രദർശനത്തിന്റെ ഭാഗമായത്. കഴിഞ്ഞ എട്ട് വർഷത്തിനിടെ 500 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് കേരളത്തിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ നേടിയത്. ഇത്തവണയും മികച്ച നിക്ഷേപം ആകർഷിക്കാൻ കഴിഞ്ഞുവെന്നാണ് സൂചന. ദുബൈ ചേംബർ ഓഫ് ഡിജിറ്റൽ ഇക്കണോമി പവലിയൻ 3200 സന്ദർശകരെ ആകർഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.