അബൂദബി: കേരള സോഷ്യൽ സെന്റർ പന്ത്രണ്ടാമത് ഭരത് മുരളി നാടകോത്സവത്തിന്റെ ആദ്യദിനം ക്രിയേറ്റിവ് ക്ലൗഡ് യു.എ.ഇ- അലൈൻ അവതരിപ്പിച്ച ‘സോർബ’ ശ്രദ്ധേയമായി. ഗ്രീക് നോവലിസ്റ്റായിരുന്ന നിക്കോസ് കസാൻദ് സാക്കീസിന്റെ സോർബ ദി ഗ്രീക് എന്ന നോവലിന്റെ സ്വതന്ത്ര നാടകാവിഷ്കാരമാണ് അവതരിപ്പിച്ചത്.
യു.എ.ഇയിലെ നാടകപ്രവർത്തകൻ സാജിദ് കൊടിഞ്ഞിയാണ് രചനയും സംവിധാനവും. ജീവിതത്തെ അത്രമേൽ പ്രണയിക്കുന്ന സോർബയുടെയും നാമധേയമില്ലാത്ത, പുസ്തകപ്പുഴുവായ ആഖ്യാതാവിന്റെയും ക്രീറ്റ് എന്ന സ്ഥലത്തെ ഖനിയിലേക്കുള്ള യാത്രയുടെ മനോഹരമായ കഥയാണ് നിക്കോസ് കസാന്ദ് സാക്കീസിന്റെ ലോക ക്ലാസിക്കുകളിൽ ഒന്നായ ‘സോർബ ദി ഗ്രീക്’. ബൃഹത്തായ നോവലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് നാടകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ജീവിതം സ്വാതന്ത്ര്യമാണെന്ന് വിശ്വസിക്കുന്ന ഒരു കഥാപാത്രമാണ് സോര്‍ബ.
സോര്‍ബയില്‍ എല്ലാകാലത്തും ജീവിക്കുന്ന മനുഷ്യനും മനുഷ്യത്വവുമുണ്ട്. ഒരു വ്യക്തി ജീവിതം പൂർണമായി ജീവിക്കണം എന്ന ആശയമാണ് നാടകം മുന്നോട്ടുവെക്കുന്നത്. സോർബ എന്ന കഥാപാത്രത്തിന്റെ ചിത്രീകരണത്തിലൂടെ, വർത്തമാന നിമിഷത്തിൽ ജീവിക്കേണ്ടത് എത്ര അനിവാര്യമാണെന്ന് നാടകം വിശദീകരിക്കുന്നു.
ഓരോ വ്യക്തിയും സ്വയം ഉള്ളിലേക്കു നോക്കാനും ആനന്ദമെന്ന ലഹരി കണ്ടെത്താനും ശ്രമിക്കണമെന്ന വലിയ പാഠം സോർബ കാട്ടിത്തരുന്നു. സാജിദ് കൊടിഞ്ഞി, സലിം ഹനീഫ, ശ്രീജ ശ്രീനിവാസ്, ദർശന ദാമോദരൻ, സിന്ധു ഷൈജു, ഫസലു ബാബു, മിറാസ് കാസിം, രാജ് മരംപുടി, സിറാസ്, അഷ്റഫ് ആലംകോട് എന്നിവരാണ് വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയത്. രഞ്ജിത്ത് (സംഗീതം), അനൂപ് (വെളിച്ചവിതാനം), ഹനീഷ് (രംഗ സജ്ജീകരണം), അനു (ചമയം) എന്നിവർ വിവിധ വിഭാഗങ്ങൾ കൈകാര്യംചെയ്തു.
നാടകോത്സവത്തിന്റെ രണ്ടാം ദിനമായ ഡിസംബർ 30 ശനിയാഴ്ച രാത്രി 8.30ന് അജയ് അന്നൂരിന്റെ സംവിധാനത്തിൽ അൽഖൂസ് തിയറ്റർ ദുബൈ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധ മേനോന്റെ ‘ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ’ എന്ന സമാഹാരത്തിലെ മീൻ പാടും തേൻ രാജ്യം എന്ന അധ്യായത്തിലെ ജീവലതയുടെ അനുഭവസാക്ഷ്യത്തിന്റെ നാടകാവിഷ്കാരമായ ‘ജീവലത’ അവതരിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.