അബൂദബിയിൽ അതിർത്തിയിലെ പരിശോധന കേന്ദ്രം നിർത്തുന്നു

ദുബൈ: അബൂദബിയിലേക്ക് പോകുന്നവർക്ക് ഇനിമുതൽ അതിർത്തികളിൽ കോവിഡ് പരിശോധന ലഭ്യമായിരിക്കില്ല. പകരം, അബൂദബിയിലേക്ക് വരുന്നവർ മറ്റു കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ ടെസ്​റ്റിന്​ വിധേയമാകണമെന്ന് അധികൃതർ അറിയിച്ചു.

ഡിസംബർ 24ഓടെ എല്ലാ നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കുമെന്ന പ്രചാരണം തുടരുന്നതിനിടെയാണ് അൽപം ഇളവുകൾ മാത്രം വരുത്തി നിയന്ത്രണങ്ങൾ തുടരാൻ കഴിഞ്ഞദിവസം അബൂദബി എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്​റ്റർ കമ്മിറ്റി തീരുമാനമെടുത്തത്. ക്വാറൻറീൻ അടക്കം നടപടിക്രമങ്ങളിൽ ഇളവ് വരുത്തിയെങ്കിലും അബൂദബിയിലേക്കുള്ള പ്രവേശനത്തിന് കോവിഡ് പരിശോധന തുടരും.

അബൂദബിയിലേക്ക് കടക്കാൻ അതിർത്തികളിൽ നടത്തിയിരുന്ന പരിശോധന വ്യാഴാഴ്ച മുതൽ നിർത്തലാക്കും. എന്നാൽ, അബൂദബിയിലേക്ക് കടക്കാൻ കോവിഡ് നെഗറ്റിവാണെന്ന ഡി.പി.ഐ പരിശോധനാഫലമോ, പി.സി.ആർ പരിശോധന ഫലമോ നിർബന്ധമാണ്. ഇതിനായി സെഹയുടെ നേതൃത്വത്തിൽ പരിശോധനാ കേന്ദ്രങ്ങളുടെ സൗകര്യം വർധിപ്പിച്ചിട്ടുണ്ട്. നേരത്തേ 48 മണിക്കൂറിനിടയിലെ കോവിഡ് പരിശോധന ഫലമാണ് വേണ്ടിയിരുന്നതെങ്കിൽ ഈമാസം 24 മുതൽ 72 മണിക്കൂറിനിടയിലെ പരിശോധനാഫലം മതി.

വ്യവസായിക മേഖലകളിലെ താമസക്കാർക്കും ഉയർന്ന ജനസംഖ്യയുള്ള കമ്യൂണിറ്റികൾക്കുമായി വിപുലമായ സ്ക്രീനിങ്​ പ്രോഗ്രാമുകൾ നടത്താനും കമ്മിറ്റി ശിപാർശ ചെയ്തിട്ടുണ്ട്. വാണിജ്യസ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്‌ക്രീനിങ്​ നടത്തുമെന്ന് സമിതി അറിയിച്ചു.

അബൂദബി എമിറേറ്റിന് പുറത്തുള്ള സെഹ സ്ക്രീനിങ്​ സെൻററുകളിൽ പരിശോധന ശേഷി വർധിപ്പിക്കാനാണ് നീക്കം.കോവിഡ് വ്യാപനം താരതമ്യേന കുറഞ്ഞ ഗ്രീൻ പട്ടികയിൽപെട്ട രാജ്യങ്ങളിൽനിന്ന് എത്തുന്നവർക്ക് ക്വാറൻറീൻ പൂർണമായി ഒഴിവാക്കി.

എന്നാൽ, പട്ടികയിലില്ലാത്ത ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ പത്തു ദിവസം ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയണം. നേരത്തേ ഇത് 14 ദിവസമായിരുന്നു. രോഗികളുമായി സമ്പർക്കമുണ്ടായിരുന്നവർ എട്ടാം ദിവസം നടത്തുന്ന പരിശോധനയിൽ നെഗറ്റിവായാൽ പത്തു ദിവസം ക്വാറൻറീൻ മതിയാകും.

അബൂദബിയിൽ പ്രവേശിച്ച് നാലാം ദിവസവും എട്ടാം ദിവസവും പരിശോധന നിബന്ധനയിൽ മാറ്റമുണ്ട്. ഈമാസം 24 മുതൽ അബൂദബിയിൽ പ്രവേശിക്കുന്നവർ ആറു ദിവസത്തിൽ കൂടുതൽ താമസിക്കുന്നുവെങ്കിൽ ആറാം ദിവസവും 12 ദിവസവും കോവിഡ് പരിശോധന നിർബന്ധമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.