അബൂദബി: അബൂദബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ (എ.ഡി.എക്സ്) ലിസ്റ്റ് ചെയ്ത മിഡിലീസ്റ്റിലെ പ്രമുഖ സൂപ്പർ സ്പെഷാലിറ്റി ഹെൽത്ത് കെയർ സേവന ദാതാവായ ബുർജീൽ ഹോൾഡിങ്സ് 2024ലെ ആദ്യ ആറുമാസത്തെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച വളർച്ച രേഖപ്പെടുത്തി.
ജൂൺ 30വരെയുള്ള വർഷത്തിന്റെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങളിൽ ഗ്രൂപ്പിന്റെ വരുമാനം പത്ത് ശതമാനം വർധിച്ച് 240 കോടി ദിർഹമായി. അറ്റാദായം ആറു ശതമാനം ഉയർന്ന് 23.8 കോടിയായിട്ടുണ്ട്. ഒറ്റത്തവണ ചെലവുകളും നികുതികളും മാറ്റിനിർത്താതെയാണിത്.
മികച്ച സേവനങ്ങളുടെ ഭാഗമായി ഇൻപേഷ്യന്റ്, ഔട്ട്പേഷ്യന്റ് എണ്ണത്തിലുണ്ടായ വർധനയെ തുടർന്ന് രോഗികളുടെ എണ്ണം ആദ്യ പകുതിയിൽ 31ലക്ഷമായി ഉയർന്നു. പ്രധാന ആസ്തിയായ ബുർജീൽ മെഡിക്കൽ സിറ്റി മികച്ച സാമ്പത്തിക വളർച്ച കൈവരിച്ചു. രോഗികളുടെ വളർച്ചനിരക്ക് 27ശതമാനമായി വർധിച്ചു.
ഡോ. ഷംഷീർ വയലിൽ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്സ് വളർച്ച ആസ്തികൾ വർധിപ്പിച്ചും അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചും സങ്കീർണ പരിചരണ മേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് വളർച്ചക്ക് അടിത്തറ പാകിയതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
അർബുദ പരിചരണം, അവയവം മാറ്റിവെക്കൽ തുടങ്ങിയ സൂപ്പർ സ്പെഷാലിറ്റി മേഖലകളിലെ തുടർച്ചയായ നിക്ഷേപങ്ങളിലൂടെയും, പ്രാദേശിക ശൃംഖലയുടെ വിപുലീകരണത്തിലൂടെയും കാര്യമായ പുരോഗതി കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. ഉയർന്ന വളർച്ച നിരക്കുള്ള ആസ്തികളുടെയും സേവനങ്ങളുടെയും വളർച്ചയും, ദേശീയ, അന്തർദേശീയ രോഗികളുടെ എണ്ണത്തിലുള്ള വർധനവുമായിരിക്കും 2024 ന്റെ രണ്ടാം പകുതിയിലെ പ്രകടനത്തെ നയിക്കുകയെന്ന് ഗ്രൂപ് സി.ഇ.ഒ ജോൺ സുനിൽ പറഞ്ഞു.
വ്യത്യസ്തമായ സ്പെഷാലിറ്റി ഹെൽത്ത് കെയർ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനൊപ്പം തന്ത്രപരമായ വിപുലീകരണ അവസരങ്ങൾ കണ്ടെത്താനും ഗ്രൂപ് ലക്ഷ്യമിടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.