ദുബൈ: വിസ സംബന്ധമായ പ്രശ്ന പരിഹാരത്തിനായി ദുബൈ താമസ കുടിയേറ്റ വകുപ്പ് (ജി.ഡി.ആർ.എഫ്.എ) സംഘടിപ്പിച്ച ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങൾ. ദേര സിറ്റി സെന്ററിൽ നടന്ന ക്യാമ്പിലേക്കാണ് മലയാളികൾ അടക്കം നിരവധി പ്രവാസികൾ എത്തിയത്.
അതേസമയം, ക്യാമ്പിന്റെ ഒന്നാം ഘട്ടം അവസാനിച്ചതായും അടുത്ത ഘട്ടം സംബന്ധിച്ച തീയതിയും സ്ഥലവും പിന്നീട് അറിയിക്കുമെന്നും ജി.ഡി.ആർ.എഫ്.എ അധികൃതർ വ്യക്തമാക്കി. നേരത്തെ, 25 മുതൽ 27 വരെ ക്യാമ്പുണ്ടായിരിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശം അനുസരിച്ച് 26, 27 തീയതികളിലെ ക്യാമ്പിന് പകരം മറ്റൊരു ദിവസമായിരിക്കും നടത്തുക.
രാവിലെ മുതൽ ദേര സിറ്റി സെന്ററിലേക്ക് പ്രവാസികളുടെ പ്രവാഹമായിരുന്നു. ഒരാഴ്ച വിസ പിഴയുള്ളവർ മുതൽ വർഷങ്ങളായി പിഴയുള്ളവർവരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. വിവിധ എമിറേറ്റുകളിൽനിന്നടക്കം ആളുകൾ എത്തി. 10 വർഷം ഓവർസ്റ്റേ പിഴയുള്ളവർക്കും പരിഹാരമുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ക്ലയന്റ് ഹാപ്പിനസ് ഡിപാർട്ട്മെന്റ് ഡയറക്ടർ സാലിം ബിൻ അലി വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അനധികൃത താമസക്കാരടക്കം ഇവിടേക്ക് എത്തിയത്.
എന്നാൽ, പൊതുമാപ്പ് നൽകുന്നുവെന്ന തെറ്റിദ്ധാരണയിലാണ് പലരും എത്തിയത്. പൊതുമാപ്പോ പിഴ എഴുതിത്തള്ളലോ അല്ല ജി.ഡി.ആർ.എഫ്.എ ലക്ഷ്യമിടുന്നത്. വിസ സംബന്ധമായ പ്രശ്ന പരിഹാരങ്ങൾക്കുള്ള വഴി പറഞ്ഞുകൊടുക്കലാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.