ദുബൈ: യു.എ.ഇ സമ്പദ്വ്യവസ്ഥ ഈ വർഷം 7.6 ശതമാനം വളർച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സെൻട്രൽ ബാങ്ക്. എണ്ണ മേഖലയിലും എണ്ണ ഇതര മേഖലയിലും കഴിഞ്ഞ മാസങ്ങളിൽ കൈവരിച്ച നേട്ടങ്ങളിലൂടെയാണ് 11 വർഷത്തിനിടയിലെ ഏറ്റവും വലിയ മുന്നേറ്റത്തിലേക്ക് കുതിക്കുന്നതെന്ന് അധികൃതർ അവകാശപ്പെട്ടു. ഏറ്റവും പുതിയ വളർച്ച പ്രവചനം ജൂലൈയിൽ സെൻട്രൽ ബാങ്ക് നടത്തിയ 5.4 ശതമാനത്തേക്കാൾ കൂടുതലാണ്. ഈ വർഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപാദനം 6.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് ദിവസങ്ങൾക്കു മുമ്പ് വ്യക്തമാക്കിയിരുന്നു.
ആഗോളതലത്തിലെ സാഹചര്യങ്ങളെ തുടർന്ന് എണ്ണ വരുമാനത്തിലെ കുത്തനെയുള്ള വർധനയും യഥാർഥ എണ്ണ ഇതര മേഖലകളിലെ ശ്രദ്ധേയമായ പുരോഗതിയുമാണ് ശക്തമായ വളർച്ചക്ക് കാരണമായതെന്ന് സെൻട്രൽ ബാങ്കിന്റെ പാദവാർഷിക ഇക്കണോമിക് റിവ്യൂവിൽ പറയുന്നു. അതിനിടെ, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ നവംബർ മുതൽ എണ്ണ ഉൽപാദനം വെട്ടിക്കുറക്കാൻ ഒപെക്കും സഖ്യകക്ഷികളും തീരുമാനിച്ചതിനാൽ സെൻട്രൽ ബാങ്ക് 2023ലെ ഉൽപാദന വളർച്ച പരിഷ്കരിച്ചിട്ടുണ്ട്.
നേരത്തേ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ അടുത്ത വർഷം 4.2 ശതമാനം വളരുമെന്ന് പ്രതീക്ഷിക്കപ്പെട്ടത് പുതിയ റിപ്പോർട്ടിൽ 3.9 ശതമാനമായി കുറഞ്ഞിട്ടുണ്ട്.കോവിഡ് മഹാമാരിക്കുശേഷം ശക്തമായ തിരിച്ചുവരവാണ് അറബ് ലോകത്തെ രണ്ടാമത്തെ ശക്തമായ സമ്പദ്വ്യവസ്ഥയായ യു.എ.ഇ നടത്തിയത്. ബിസിനസുകളെ സഹായിക്കുന്നതിന് സർക്കാർ സ്വീകരിച്ച നടപടികളും എണ്ണ വരുമാനത്തിലെ വർധനയും ഇതിന് കാരണമായിട്ടുണ്ട്.
സമ്പദ്വ്യവസ്ഥ ആറു ശതമാനത്തിലേറെ വളർച്ച കൈവരിക്കുമെന്ന് നേരത്തേ അന്താരാഷ്ട്ര നാണയനിധി പ്രസ്താവിച്ചിരുന്നു. 2022ൽ സമ്പദ്വ്യവസ്ഥ ഏഴു ശതമാനം വികസിക്കുമെന്നാണ് എമിറേറ്റ്സ് എൻ.ബി.ഡി പ്രവചിച്ചത്. ഫസ്റ്റ് അബൂദബി ബാങ്ക് 6.7 ശതമാനം വളർച്ചയും അബൂദബി കമേഴ്സ്യൽ ബാങ്ക് 6.5 ശതമാനം വളർച്ചയുമാണ് പ്രവചിച്ചിട്ടുള്ളത്. ഇതെല്ലാം പിന്തള്ളിയാണ് സെൻട്രൽ ബാങ്കിന്റെ പുതിയ റിപ്പോർട്ടിൽ വളർച്ചനിരക്ക് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.