യു.എ.ഇയിൽ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം പ്രഖ്യാപിച്ചിരിക്കയാണ്. ജനുവരി ഒന്നുമുതൽ നിലവിൽ വരുന്ന മാറ്റം രാജ്യത്തെ സാമ്പത്തിക രംഗത്തിന് വലിയ രീതിയിൽ ഉണർവേകുമെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ച പകുതി ദിവസം പ്രവൃത്തിസമയമാകുകയും ശനി, ഞായർ പൂർണ അവധിയാകുന്നതുമാണ് പ്രധാന മാറ്റം. രാജ്യത്തെ ആറ് എമിേററ്റുകൾ ഈ രീതിയിലേക്ക് മാറുേമ്പാൾ വെള്ളിയാഴ്ച പൂർണ അവധി നൽകി മൂന്നു ദിവസത്തെ ഒഴിവാണ് ഷാർജ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകത്ത് അഞ്ചുദിവസത്തിൽ കുറവ് സമയം ജോലിസമയം നിശ്ചയിക്കുന്ന അപൂർവ രാജ്യങ്ങളിലൊന്നയി യു.എ.ഇ മാറിയിരിക്കയാണ്.
രാജ്യത്തിെൻറ സാമ്പത്തിക രംഗത്തെ മൽസരശേഷി മെച്ചപ്പെടുത്തുന്നതിനുള്ള നിരവധിയായ പരിഷ്കരണങ്ങളുടെ ഭാഗമായാണ് പുതിയ സമയമാറ്റം കൊണ്ടുവന്നിട്ടുള്ളത്. ആഗോള മാർക്കറ്റിലെ വാരാന്ത്യ അവധി ശനി, ഞായർ ദിവസങ്ങളിലാണ്. ഈ ദിവസങ്ങളിൽ തന്നെ യു.എ.ഇയുടെ സാമ്പത്തിക മേഖലക്ക് അവധി എടുക്കാൻ പുതിയ തീരുമാനത്തിലൂടെ കഴിയും. ആഗോള മാർക്കറ്റിലെ പ്രവൃത്തി ദിനങ്ങളിൽ യു.എ.ഇ മാർക്കറ്റും ഉണർന്നിരിക്കും. ജീവനക്കാർക്ക് രണ്ട് ദിവസം അവധി എന്നതിൽ നിന്ന് രണ്ടര ദിവസം അവധി എന്ന നിലയിലേക്ക് മാറുന്നത് വിനോദത്തിന് കൂടുതൽ സമയം അനുവദിക്കും. ജോലിക്കിടയിലും പഠനം നിർവഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന നടപടിയാണിത്. അവധിമാറ്റവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട മറ്റു കാര്യങ്ങൾ:
ഷാർജ ഒഴികെയുള്ള എമിറേറ്റുകളിൽ ശനി, ഞായർ ദിവസങ്ങളിലായിരിക്കും അവധി. വെള്ളിയാഴ്ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. എല്ലാ സർക്കാർ വകുപ്പുകൾക്കും നിർദേശം ബാധകമാണ്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ ഉച്ചക്ക് 12 വരെയാണ് പ്രവൃത്തിസമയം. ജുമുഅ നമസ്കാരം 1.15 ന് ആയി ക്രമീകരിക്കും. വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം പരിഗണിക്കാമെന്നും നിർദേശമുണ്ട്. ആഴ്ചയിൽ നാലര ദിവസം പ്രവൃത്തിദിനവും രണ്ടര ദിവസം അവധിയും ലഭിക്കുന്നതാണ് പുതിയ സജ്ജീകരണം.
സ്വകാര്യമേഖലയ്ക്ക് പ്രവൃത്തിദിവസം മാറ്റാൻ ബാധ്യതയില്ലെന്ന് യു.എ.ഇ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രി അബ്ദുറഹ്മാൻ അൽ അവാർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വകാര്യ മേഖലയിലെ കമ്പനികളോടും ബിസിനസുകളോടും രാജ്യം പ്രഖ്യാപിച്ച പുതിയ വർക്കിങ് വീക്ക് സംവിധാനം പ്രയോജനപ്പെടുത്താൻ അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്. ജുമുഅ നമസ്കാരത്തിന് ജീവനക്കാർക്ക് അവധി നൽകാനും തൊഴിലുടമകൾ ബാധ്യസ്ഥരാണെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ പ്രഖ്യാപിച്ച തൊഴിൽ നിയമമനുസരിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ആഴ്ചയിൽ ഒരു ദിവസമെങ്കിലും അവധി നൽകൽ നിർബന്ധമാണ്. കമ്പനികൾക്ക് ഇത് വർധിപ്പിക്കാൻ സ്വയം തീരുമാനെമെടുക്കാവുന്നതുമാണ്. നിലവിൽ നിരവധി സ്വകാര്യ മേഖല കമ്പനികളും പുതിയ രീതിയിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളി, ശനി, ഞായർ എന്നിങ്ങനെ മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ച ഷാർജയിൽ പ്രവൃത്തി സമയം രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെയായിരിക്കും. ജനുവരി ഒന്ന് മുതലാണ് ഇവിടെയും പുതിയ മാറ്റം നിലവിൽ വരിക. യു.എ.ഇയിലെ പൊതു അവധിമാറ്റത്തിന് അനുസരിച്ച് ഷാർജ എക്സിക്യൂട്ടിവ് കൗൺസിലാണ് ഈ തീരുമാനമെടുത്തത്. മൂന്ന് ദിവസം അവധി നടപ്പിലാക്കുന്ന അറബ് ലോകത്തെ ആദ്യ നഗരമാണ് ഷാർജ. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്തെത്തുടർന്ന് ഉപ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമിയാണ് ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിൽ തീരുമാനം പ്രഖ്യാപിച്ചത്. ഷാർജയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മൂന്ന് ദിവസം വാരാന്ത്യ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഷാർജ എമിറേറ്റിലെ സ്കൂളുകൾക്ക് വെള്ളി, ശനി, ഞായർ അവധിയായിരിക്കും. ഷാർജ പ്രൈവറ്റ് എഡ്യുക്കേഷൻ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
പുതിയ അവധി ദിനത്തിന് അനുസരിച്ചായിരിക്കും സ്കൂളുകൾക്കും അവധി. വെള്ളിയാഴ്ച ഉച്ചവരെയും ശനി, ഞായർ അവധിയും ലഭിക്കുന്ന രീതിയിലേക്ക് ജനുവരി ഒന്ന് മുതൽ സ്കൂളുകൾ മാറും. അബൂദബിയിലെ വിദ്യാഭ്യാസ വിജ്ഞാന വകുപ്പ്(എ.ഡി.ഇ.കെ) ഇത് സംബന്ധിച്ച് സ്വകാര്യ സ്കൂളുകളുടെ പ്രിൻസിപ്പൾമാർക്ക് വിവരം നൽകിയിട്ടുണ്ട്. ദുബൈ എമിറേറ്റിലെ വിദ്യാഭ്യാസ ചുമതലയുള്ള കെ.എച്ച്.ഡി.എയും നാലര ദിവസത്തെ പ്രവർത്തിദിനം നടപ്പിലാക്കണമെന്ന് സ്കൂളുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ചകളിൽ 12മണി വരെ ക്ലാസ് മതിയെന്ന് ഈ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. അതിനാൽ വെള്ളിയാഴ്ചകളിൽ സമയം ദീർഘിപ്പിക്കാൻ കഴിയില്ല. എന്നാൽ മറ്റുദിവസങ്ങളിൽ അധിക പ്രവൃത്തി സമയമെടുക്കാൻ അധികൃതർ ആലോചിക്കുന്നുണ്ട്. നിലവിൽ ഉച്ച രണ്ടു മണിക്ക് അവസാനിക്കുന്ന ക്ലാസുകൾ ഇതോടെ മൂന്നിലേക്കും മൂന്നരയിലേക്കും മാറിേയക്കും. ഷാർജയിൽ വെള്ളിയാഴ്ച പൂർണമായും അവധിയായതിനാൽ മറ്റുദിവസങ്ങളിൽ കൂടുതൽ സമയമെടുത്തേക്കും. ഓരോ എമിറേറ്റിലെയും വിദ്യാഭ്യാസ വകുപ്പുകളുടെ നിർദേശം അനുസരിച്ചാണ് ഇക്കാര്യത്തിൽ തീരുമാനം.
പഴയ വാരാന്ത്യ അവധി ദിനങ്ങളെ അടിസ്ഥാനമാക്കിയാണ് 2022ലെ പൊതു അവധികൾ തീരുമാനിച്ചിരുന്നത്. പുതിയ നിർദേശം വന്നതോടെ പൊതു അവധി ദിനങ്ങളിലും മാറ്റമുണ്ടാകും. ഇതനുസരിച്ച് പുതുവർഷ അവധി മൂന്നു ദിവസമായി വർധിക്കും. ഡിസംബർ 31വെള്ളിയാഴ്ചയും 2022 ജനുവരി ഒന്ന് ശനിയാഴ്ചയും രണ്ട് ഞായറാഴ്ചയും അവധി ലഭിക്കും.
വാരാന്ത്യ അവധിയിലെ മാറ്റം യു.എ.ഇയിലെ ബാങ്കുകളുടെ സേവനത്തെ ബാധിക്കില്ല. ബാങ്കുകൾ ആറ് ദിവസം പ്രവർത്തിക്കും. രാജ്യത്തെ ബാങ്കുകൾക്ക് സെൻട്രൽ ബാങ്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വെള്ളിയാഴ്ചയും പ്രവൃത്തിദിനമായിരിക്കും. ദിവസവും കുറഞ്ഞത് അഞ്ച് മണിക്കൂറെങ്കിലും ബാങ്കുകൾ പ്രവർത്തിക്കണം. പുതിയ നിയമം അടിസ്ഥാനമാക്കി ജോലി സമയവും അവധിയും ബാങ്കുകൾക്ക് നിശ്ചയിക്കാം. പ്രവാസികളടക്കമുള്ളവർക്ക് ഗുണം ചെയ്യുന്ന തീരുമാനമാണിത്. നേരത്തെ വെള്ളി, ശനി ദിവസങ്ങളിൽ അവധി ആയിരുന്നതിനാൽ പണം അയക്കുന്നവർക്ക് ബുദ്ധിമുട്ടുണ്ടായിരുന്നു. വെള്ളിയാഴ്ച ഓൺലൈൻ വഴി പണം അയച്ചാൽ പോലും നാട്ടിൽ തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ മാത്രം പണം എത്തിയിരുന്ന അവസ്ഥയും ചില ബാങ്കുകൾക്കുണ്ടായിരുന്നു. പുതിയ നിർദേശം നടപ്പാക്കുന്നതോടെ കാലതാമസമില്ലാതെ പണം അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.