അജ്മാൻ: രാജ്യത്തിനകത്തും പുറത്തുമുള്ള 60,000 അനാഥർക്ക് സഹായവുമായി ഇന്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷന്റെ പദ്ധതി. വിവിധ സഹായ പരിപാടികളാണ് കൂട്ടായ്മ റമദാനിൽ അനാഥർക്കായി നടപ്പിലാക്കുന്നത്. പൊതുജനങ്ങൾ സംഭാവന ചെയ്ത ഫണ്ടുകൾ വിതരണം ചെയ്യുക, അനാഥർക്ക് വസ്ത്രങ്ങൾ എത്തിക്കുക, ഭക്ഷണ കിറ്റുകൾ നൽകുക, മാസാന്ത സാമ്പത്തിക സഹായം, പെരുന്നാൾ സമ്മാനം, ചികിൽസാ സഹായം എന്നിവ പദ്ധതകളിൽ ഉൾപ്പെടും. അനാഥരെ സഹായിക്കുന്നതിനും അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കുന്നതിനുമാണ് കൂട്ടായ്മ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഓർഗനൈസേഷന്റെ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് അൽ ഖാജ പറഞ്ഞു. ചാരിറ്ററബ്ൾ കൂട്ടായമകളും സംഭാവന നൽകുന്നവരും തമ്മിലുള്ള ശക്തമായ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1984ൽ അജ്മാനിലാണ് ഓർഗനൈസേഷൻ രൂപീകൃതമായത്. നിലവിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിന് ശാഖകളുണ്ട്. റമദാനിൽ ദിവസേന 7500 ഇഫ്താർ കിറ്റുകൾ യു.എ.ഇയിൽ ഉടനീളം വിതരണം ചെയ്യുമെന്ന് കഴിഞ്ഞ ആഴ്ച കൂട്ടായ്മ അറിയിച്ചിരുന്നു. യു.എ.ഇ ഫുഡ് ബാങ്ക് നടപ്പിലാക്കുന റമദാനിൽ 70ലക്ഷം പേർക്ക് അന്നമെത്തിക്കാനുള്ള കാമ്പയിനിന്റെ ഭാഗമായാണിത് നടപ്പിലാക്കുന്നത്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പത്നി ശൈഖ ഹിന്ദ് ബിൻത് മക്തൂമിന്റെ നിർദേശപ്രകാരമാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.