അബൂദബി: നഴ്സറികൾക്കും സ്കൂളുകൾക്കും പുറത്ത് കുട്ടികൾക്ക് വേണ്ടിയൊരുക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളുടെ ഗുണനിലവാരം വിലയിരുത്താൻ പദ്ധതിയുമായി അബൂദബി ഏർളി ചൈൽഡ്ഹുഡ് അതോറിറ്റി(ഇ.സി.എ). ക്യാമ്പുകൾ, സ്കൂൾ സമയത്തിന് ശേഷമുള്ള ക്ലാസുകൾ, കുട്ടികളുടെ ലൈബ്രറികൾ, കളിസ്ഥലങ്ങൾ, കുട്ടികളുടെ മ്യൂസിയങ്ങൾ, കുട്ടികൾക്ക് പ്രത്യേക സൗകര്യമുള്ള സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഒരുക്കുന്ന പരിപാടികളുടെ ഗുണനിലവാരമാണ് അധികൃതർ വിലയിരുത്തുന്നത്. മാർച്ച് 15ന് ആചരിക്കുന്ന ഇമാറാത്തി ശിശുദിനാചരണത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി പ്രഖ്യാപിച്ചത്.
അബൂദബിയിലെ ഓരോ കുട്ടിക്കും വളരാനും പുതുമകൾ കണ്ടെത്താനും മുഴുവൻ കഴിവുകളും പുറത്തെടുക്കാവുന്ന സാഹചര്യം ഒരുക്കാനുമാണ് പ്രവർത്തിക്കുന്നതെന്ന് കുടുംബകാര്യ മന്ത്രിയും ഇ.സി.എ ഡയറക്ടർ ജനറലുമായ സന ബിൻത് മുഹമ്മദ് സുഹൈൽ പറഞ്ഞു. ഇതിനായി ഗുണനിലവാരം, സുരക്ഷ, സമ്പുഷ്ടി എന്നിവക്കാണ് മുൻഗണന നൽകുന്നത്. പ്രവർത്തനങ്ങളുടെയും സേവനങ്ങളുടെയും വിലയിരുത്തൽ ആകർഷണീയത വർധിപ്പിക്കാനും കൂടുതൽ കുടുംബങ്ങളെ എത്തിക്കാനും സാഹായിക്കുമെന്ന് ഞങ്ങൾ വിശവസിക്കുന്നു -അവർ കൂട്ടിച്ചേർത്തു. എട്ടു വയസുവരെ പ്രായമുള്ള കുട്ടികളുടെ പ്രവർത്തനങ്ങളാണ് നിലവിൽ വിലയിരുത്തലിന് ലക്ഷ്യമിടുന്നത്.
അതേസമയം ഭാവിയിൽ 18വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ മേഖലയിലും പദ്ധതി പ്രായോഗികവൽകരിക്കാൻ ആസൂത്രണം ചെയ്യുന്നുണ്ട്. ആഗോള തലത്തിലെ ഏറ്റവും മികച്ച രീതികൾ അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ വിലയിരുത്തുക. അതേസമയം യു.എ.ഇയുടെ സംസ്കാരത്തിന്റെയും മൂല്യങ്ങളുടെയും സാഹചര്യങ്ങളുടെയും അടിത്തയിലായിരിക്കുമിത്. 2018ൽ യു.എ.ഇ രാഷ്ട്ര മാതാവ് ശൈഖ ഫാത്തിമ ബിൻത് മുബാറകാണ് ഇമാറാത്തി ശിശുദിനാചരണം പ്രഖ്യാപിച്ചത്. കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ബോധവൽകരണം നടത്താനും, അവർക്ക് ഏറ്റവും ആരോഗ്യകരവും സുരക്ഷിതവും സഹായകരവുമായ സാഹചര്യമൊരുക്കുന്നതിന്റെ ആവശ്യം ഉയർത്തിക്കാണിക്കാനുമാണ് ദിനാചരണം ലക്ഷ്യമിടുന്നത്. 2016ൽ മാർച്ച് 15ലാണ് യു.എ.ഇയിൽ വദീമ നിയമം എന്നറിയപ്പെടുന്ന കുട്ടികളുടെ അവകാശ നിയമത്തിലെ ഫെഡറൽ നിയമം നമ്പർ 3 പാസാക്കിയത്. ഈ ദിവസമാണ് ശിശുദിനാചരണത്തിന് തെരഞ്ഞെടുത്തത്. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും എല്ലാത്തരം ദുരുപയോഗങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുന്നതിനുമാണ് നിയമനിർമ്മാണം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.