ദുബൈ: ചെറിയ ഇടവേളക്ക് ശേഷം യു.എ.ഇയിലെ എല്ലാ എമിറേറ്റിലെയും കുട്ടികൾ തിങ്കളാഴ്ച മുതൽ ക്ലാസ് മുറികളിലെത്തും. കോവിഡ് വ്യാപനത്തെ തുടർന്ന് ഓൺലൈനായി ചുരുക്കിയിരുന്ന ക്ലാസാണ് ഇന്നുമുതൽ ഓഫ്ലൈനാക്കുന്നത്. അബൂദബി, ഉമ്മുൽ ഖുവൈൻ, അജ്മാൻ, ഫുജൈറ എന്നീ എമിറേറ്റുകളിലെ കുട്ടികൾക്കായിരുന്നു ഓൺലൈൻ പഠനം ഏർപ്പെടുത്തിയിരുന്നത്. ദുബൈ, ഷാർജ, റാസൽഖൈമ എന്നീ എമിറേറ്റുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയിരുന്നില്ല.
കോവിഡ് വ്യാപനഭീഷണി കുറഞ്ഞ സാഹചര്യത്തിലാണ് കുട്ടികളെ വീണ്ടും തിരിച്ചുവിളിക്കുന്നത്. അതേസമയം, ആദ്യദിവസം ക്ലാസിലെത്തുന്ന കുട്ടികളും അധ്യാപകരും മറ്റ് ജീവനക്കാരും 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പരിശോധനാഫലം ഹാജരാക്കണം. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് പരിശോധനാകേന്ദ്രങ്ങളിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.
ശൈത്യകാല അവധിക്ക് ശേഷം ജനുവരി മൂന്ന് മുതൽ ക്ലാസുകൾ തുടങ്ങുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയർന്നതോടെ നാല് എമിറേറ്റുകൾ ഓൺലൈൻ പഠനത്തിലേക്ക് ചുരുങ്ങി.
കോവിഡ് വ്യാപന സാഹചര്യത്തിൽ കൂടുതൽ തയാറെടുപ്പ് നടത്തുന്നതിനായിരുന്നു ക്ലാസ് മുറികൾ അടച്ചിട്ടത്. വിനോദ യാത്രകൾക്ക് നിയന്ത്രണമുണ്ടെങ്കിലും കായിക-സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതിൽ തടസ്സമില്ല. സർവകലാശാലകളിലും കോളജുകളിലും മറ്റു പരിശീലന സ്ഥാപനങ്ങളിലും ഈ നിർദേശം ബാധകമായിരിക്കും.
രണ്ട് ബാച്ചുകളിലായാണ് ക്ലാസ് നടക്കുക. തിങ്കളാഴ്ച മുതൽ കിന്റർഗാൻഡൻ, ഒന്നു മുതൽ അഞ്ചുവരെ ഗ്രേഡ്, 12ാം ഗ്രേഡ് എന്നീ വിദ്യാർഥികൾക്ക് പ്രവേശനം നൽകും.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദേശീയ-അന്തർദേശീയ പരീക്ഷകൾക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ എന്നിവർക്കും നാളെ നേരിട്ട് ക്ലാസിൽ വരാം. ആറു മുതൽ 11വരെ ഗ്രേഡുകളിലെ വിദ്യാർഥികൾ ഈ സമയത്ത് ഓൺലൈൻ പഠനം തുടരണം. ജനുവരി 31 മുതൽ മറ്റു ക്ലാസുകളിലെ വിദ്യാർഥികൾക്കും നേരിട്ട് ഹാജരാകാം. ഓൺലൈൻ പഠനം തുടരാനാഗ്രഹിക്കുന്ന കുട്ടികൾക്ക് അതിനുള്ള സൗകര്യവും ഉറപ്പുവരുത്തും. സ്കൂൾ അധികൃതർ കുട്ടികളെ നേരിട്ട് ബന്ധപ്പെട്ട് നിലവിലെ ആരോഗ്യാവസ്ഥയും അറിഞ്ഞിരിക്കണം.
ആദ്യദിനം സ്കൂളിൽ ഹാജരാകുന്ന അധ്യാപകരും ജീവനക്കാരും വിദ്യാർഥികളും 96 മണിക്കൂറിനിടയിലെ നെഗറ്റിവ് പി.സി.ആർ ഫലം ഹാജരാക്കണം. വിദേശത്തുനിന്നെത്തിയവരാണെങ്കിൽ ഒന്നാം ദിനത്തിലും ആറാംദിനത്തിലും എടുത്ത നെഗറ്റിവ് ഫലം സമർപ്പിക്കണം.
വിദ്യാർഥികളും അധ്യാപക-അനധ്യാപക ജീവനക്കാരും ട്രാവൽ ഡിക്ലറേഷൻ ഫോറം പൂരിപ്പിക്കണം. അധ്യാപക-അനധ്യാപക ജീവനക്കാർക്ക് സ്ഥാപനത്തിനകത്ത് പ്രവേശിക്കുന്ന എല്ലാസമയത്തും അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് വേണം.
വിദേശത്തുനിന്ന് യു.എ.ഇയിലേക്ക് മടങ്ങിവന്നവർ ഒന്നാം ദിനത്തിലും ആറാംദിനത്തിലും എടുത്ത നെഗറ്റിവ് ഫലം കാണിക്കണം.
സ്കൂൾ യാത്രകൾ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പാടില്ല. എന്നാൽ, മുൻകരുതൽ സ്വീകരിച്ച് കായിക-സാംസ്കാരിക പ്രവർത്തനങ്ങൾ നടത്താം. അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസും 96 മണിക്കൂറിനിടയിലെ പി.സി.ആർ ഫലവുമുള്ള രക്ഷിതാക്കൾക്കും സന്ദർശകർക്കും മാത്രമായിരിക്കും സ്കൂൾ പരിസരത്തേക്ക് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.