ദുബൈ: കാലാവസ്ഥ വ്യതിയാനം തടയുന്നതിനുള്ള ഫലപ്രദമായ ഗവേഷണങ്ങളെ പ്രോത്സാഹിപ്പിക്കുകയും നയം രൂപവത്കരിക്കുന്നതിനുമായി അബൂദബിയിൽ ‘കാലാവസ്ഥ നയതന്ത്ര കേന്ദ്രം’ തുറന്നു.
യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന കാലാവസ്ഥ ഉച്ചകോടിയായ കോപ്28ന് മുന്നോടിയായി വിദേശ നയരൂപവത്കരണത്തെ പിന്തുണക്കുകയും ഇതിനായി സർക്കാർ സംവിധാനങ്ങളെ സഹായിക്കുകയുമാണ് ലക്ഷ്യം.
മുബാദല, അഡ്നോക് എന്നിവരുമായി സഹകരിച്ച് അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി (എ.ജി.ഡി.എ) ആണ് പുതിയ സെന്ററിന് തിങ്കളാഴ്ച തുടക്കമിട്ടത്. അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങളുമായി പങ്കിട്ട ഗവേഷണ അജണ്ടകളുടെ ഏകോപനമാണ് കേന്ദ്രത്തിന്റെ പ്രാഥമിക ലക്ഷ്യം. കൂടാതെ സർക്കാർ പ്രതിനിധികൾ, നയതന്ത്ര പങ്കാളികൾ എന്നിവർക്ക് സ്ഥിരമായി കാലാവസ്ഥയുമായി ബന്ധപ്പെട്ട ചെറുവിവരണങ്ങൾ ഉൾപ്പെടുന്ന സെഷനുകൾ കേന്ദ്രം സംഘടിപ്പിക്കും. സ്വകാര്യ, പൊതുമേഖല സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയും ഇത്തരം സ്ഥാപനങ്ങളുടെ കാർബൺമുക്തമാക്കുന്ന നടപടികളെ പിന്തുണക്കുകയും ചെയ്യും.
കാലാവസ്ഥ വ്യതിയാനം തടയുന്നതിൽ സ്വകാര്യ കമ്പനികളുടെ പങ്കാളിത്തം നിർണായകമാണെന്ന് കോപ്28ന്റെ നിയുക്ത പ്രസിഡന്റും യു.എ.ഇ വ്യവസായ, നൂതന സാങ്കേതികവിദ്യ മന്ത്രി ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബിർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.