അബൂദബി: അവധിക്കു നാട്ടിൽ പോയ അബൂദബി ജവാസാത്ത് റോഡിനു സമീപത്തെ സൺലൈറ്റ് റസ്റ്റാറൻറിലെ ജീവനക്കാരൻ മലപ്പുറം കാവുങ്ങൽ ഇസ്മാഇൗലും മകൻ ശംവീലും കടലുണ്ടിപ്പുഴയിൽ ഒഴുക്കിൽപെട്ട് മരിച്ച സംഭവം സഹ പ്രവർത്തകർക്കും സുഹൃത്തുക്കൾക്കും തീരാവേദനയായി. ജൂൺ 29നാണ് കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്ന ഇസ്മാഈൽ അവധിക്ക് നാട്ടിലേക്കു പോയത്. പുതിയ വീട്ടിലെ താമസം തുടങ്ങി 20 ദിവസം തികയും മുമ്പാണ് മരണം ഇരുവരെയും തേടിയെത്തിയത്. റസ്റ്റാറൻറിലെ ജീവനക്കാരനായിരുന്നുവെങ്കിലും ഇടപാടുകാരുടെ ധാരണ മുതലാളിയാണ് ഇസ്മാഈൽ എന്നായിരുന്നു.
ജോലിയിലെ ആത്മാർഥതയും വിശ്വാസ്യതയും ഇടപാടുകാരോടുള്ള അടുപ്പവും സഹവർത്തിത്വവുമെല്ലാം റസ്റ്റാറൻറിലെ എല്ലാ കാര്യങ്ങളുടെയും മുൻനിരയിൽ പ്രവർത്തിച്ചിരുന്നതുമാണ് ഉപഭോക്താക്കൾക്കിടയിൽ ഇസ്മാഈലിന് ഇത്രയേറെ സ്വീകാര്യത ലഭിക്കാൻ കാരണമെന്ന് സഹപ്രവർത്തകർ പറഞ്ഞു. 2016ൽ ഈ സ്ഥാപനം ഏറ്റെടുക്കുമ്പോൾ മുതൽ ഇവിടെ ജോലി ചെയ്തിരുന്നു. എല്ലാ ജോലികളും ആത്മാർഥമായി ചെയ്തിരുന്ന ആളാണ് ഇസ്മാഈൽ എന്നും അതുകൊണ്ടാണ് കട അവെൻറയാണെന്ന് ആളുകൾ കരുതിയതെന്നും റസ്റ്റാറൻറ് ഉടമയായ പരപ്പനങ്ങാടി സ്വദേശി സാൽമിയും ചൂണ്ടിക്കാട്ടി.
എപ്പോഴും ചിരിച്ച് സൗഹൃദത്തോടെ ഇടപെട്ടിരുന്ന ഇസ്മാഈൽ കെ.എം.സി.സി അബൂദബി തിരൂരങ്ങാടി കമ്മിറ്റിയുടെ ജോയൻറ് സെക്രട്ടറിയായിരുന്നു. കോവിഡ് വ്യാപനത്തിെൻറ ആദ്യ ഘട്ടങ്ങളിലെല്ലാം കെ.എം.സി.സിയുടെ വളൻറിയറായി വളരെ സജീവമായിരുന്നുവെന്ന് അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി സെക്രട്ടറി ഹംസക്കോയ പറയുന്നു. കോവിഡ് കാലത്ത് കെ.എം.സി.സിയുടെ ചാർട്ടേഡ് വിമാനത്തിലായിരുന്നു ജൂൺ അവസാനം നാട്ടിലേക്ക് മടങ്ങിയത്.
വെള്ളിയാഴ്ച രാവിലെ പതിനൊന്നരക്കാണ് കടലുണ്ടിപ്പുഴയിൽ കുളിക്കാനിറങ്ങിയ മകൻ മുഹമ്മദ് ശംവീൽ (7) ആദ്യം ഒഴുക്കിൽപെട്ടത്. തുടർന്നാണ് നീന്തലറിയാത്ത ഇസ്മാഈൽ മകനെ തിരഞ്ഞ് വെള്ളത്തിലിറങ്ങിയത്. ശനിയാഴ്ച വൈകീട്ട് ഇരുവരുടെയും മയ്യിത്ത് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.