ചുട്ടുപൊള്ളുന്ന മരുഭൂമിക്ക് നടുവിലൊരു ഘോരവനം, അതാണ് ദുബൈ സഫാരി പാർക്ക്. 40-50 ഡിഗ്രിയിൽ സൂര്യൻ ഉഗ്രതാപം ചൊരിയുന്ന മരുഭൂമിയിൽ പച്ചപ്പിന് യാതൊരു സ്ഥാനവുമുണ്ടാകില്ലെന്ന് പറഞ്ഞവർക്ക് മുന്നിലാണ് വമ്പൻ വനമൊരുക്കി ദുബൈ മാടി വിളിക്കുന്നത്. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആഫ്രിക്കൻ വനവും ഏഷ്യൻ മൃഗങ്ങളും അറേബ്യൻ പാരമ്പര്യവുമെല്ലാം തൊട്ടറിയാൻ ഇവിടെ എത്തിയാൽ മതി. വേനൽക്കാല ഇടവേളക്ക് ശേഷം തുറന്ന സഫാരി പാർക്കിന്റെ പുതിയ വിശേഷങ്ങൾ.
പുതിയ അതിഥികൾ:
ഒമ്പത് പുതിയ കാഴ്ചകളാണ് ഈ സീസണിൽ ദുബൈ സഫാരിയിൽ ഒരുക്കിയിരിക്കുന്നത്. അടുത്തിടെ ജനിച്ച കുഞ്ഞുങ്ങൾ മുതൽ പുതിയതായി ഇവിടെ എത്തിച്ച മൃഗങ്ങളെ വരെ ഈ സീസണിൽ കാണാൻ കഴിയും.
ആഫ്രിക്കൻ വനങ്ങളിൽ കാണപ്പെടുന്ന നീണ്ട കൊമ്പുള്ള പശു, അറേബ്യൻ ഒറിക്സ്, നൈൽ ഇനത്തിൽപെട്ട മുതല, വാട്ടർ ബഫല്ലോ തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ ഇക്കുറി കാണാം. അടുത്തിടെയാണ് ഈ കുഞ്ഞുങ്ങൾ സഫാരിയിൽ ജനിച്ചത്. മൃഗസംരക്ഷണ വിദഗ്ദരുമായി സംസാരിക്കാനുള്ള പുതിയ പദ്ധതിയാണ് ഇത്തവണത്തെ മറ്റൊരു ആകർഷണം. മൃഗങ്ങളുടെ ദിനചര്യകൾ, ചികിത്സ, സംരക്ഷണം, ഭക്ഷണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് ഇവരോട് ചോദിച്ചറിയാം. പത്ത് പേർ അടങ്ങുന്ന സംഘത്തിന് 1450 ദിർഹമാണ് നിരക്ക്.
മൃഗങ്ങളുടെ ചിത്രങ്ങളെടുക്കാനും പ്രത്യേക പാക്കേജ് ഇത്തവണയുണ്ട്. മൂന്ന് മണിക്കൂറിൽ ബസിൽ യാത്ര ചെയ്ത് മൃഗങ്ങളുടെ ചിത്രം പകർത്താം. മൂന്ന് പേരടങ്ങുന്ന സംഘത്തിന് 1275 ദിർഹമാണ് ഫീസ്. ഓരോ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും പ്രത്യേക ഗൈഡിനെ അനുവദിക്കുന്നതാണ് മറ്റൊരു പുതിയ പാക്കേജ്. പത്ത് പേരടങ്ങുന്ന സംഘത്തിന് 2500 ദിർഹം മുതലാണ് പാക്കേജ് തുടങ്ങുന്നത്. സന്ദർശകർക്ക് ചിത്രങ്ങൾ പകർത്താൻ പ്രത്യേകം സ്ഥലം ഏർപെടുത്തി. വിവിധ വിനോദ പരിപാടികളും ഇക്കുറി കൂട്ടിചേർത്തിരിക്കുന്നു. ട്രെയിൻ സർവീസിനൊപ്പം സൈക്കിൾ, ഇലക്ട്രിക് കാർ, പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ തുടങ്ങിയവയും ആസ്വദിക്കാം. പക്ഷികൾക്കൊപ്പം പ്രഭാത ഭക്ഷണം എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തുടങ്ങിയിട്ടില്ല. വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് കരുതുന്നത്.
ടിക്കറ്റ് നിരക്ക്:
dubaisafari.ae എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് പാർക്കിൽ പ്രവേശിക്കാം. മുതിർന്നവർക്ക് 50 ദിർഹം മുതലും കുട്ടികൾക്ക് 20 ദിർഹം മുതലുമാണ് പ്രവേശന നിരക്ക് തുടങ്ങുന്നത്.
50 ദിർഹമിന്റെ ഡേ പാസ് ഉപയോഗിച്ച് അറേബ്യൻ ഡസർട്ട് സഫാരി, കുട്ടികളുടെ ഫാം, തത്സമയ പരിപാടികൾ എന്നിവ ആസ്വദിക്കാം. ഇലക്ട്രിക്കൽ വാഹനത്തിൽ പത്ത് മിനിറ്റ് സഫാരിയും ലഭിക്കും. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് ഈ പാസ് മൂലമുള്ള പ്രവേശനം. മൂന്ന് വയസിൽ താഴെയുള്ളവർക്ക് പാസ് വേണ്ട. 75 ദിർഹമിന്റെ ഡേ പാസ് പ്ലസിൽ എത്ര സമയം വേണമെങ്കിലും ട്രെയിൻ സർവീസ് ആസ്വദിക്കാം. ഡേ പാസിലെ എല്ലാ സ്ഥലങ്ങളും ഈ പാസ് ഉപയോഗിച്ച് സന്ദർശിക്കാം. കുട്ടികൾക്ക് 45 ദിർഹമാണ് നിരക്ക്.
90 ദിർഹമിന്റെ സഫാരി ജേർണി ടിക്കറ്റെടുക്കുന്നവർക്ക് ഗൈഡിന്റെ സഹായത്തോടെ 35 മിനിറ്റ് സഫാരി കൂടി അധികമായി ലഭിക്കും. 35 ദിർഹമാണ് കുട്ടികളുടെ നിരക്ക്. ഇതിന് പുറമെ വിവിധ സഫാരി യാത്രാ പാക്കേജുകളുമുണ്ട്. നൈറ്റ് പാസിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രാത്രി കാലാവസ്ഥയിൽ പാർക്കിന്റെ സൗന്ദര്യം ആസ്വദിക്കാവുന്നതാണ് നൈറ്റ് പാസ്. എന്നാൽ, മൃഗങ്ങളെ ഈ സമയം കാണാൻ കഴിയില്ല. കഴിഞ്ഞ സീസണിൽ വൈകുന്നേരം ആറ് മുതൽ രാത്രി പത്ത് വരെയായിരുന്നു നൈറ്റ് പാസ് പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.