ദുബൈ: ആഗോളതലത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ വർഷം മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ഗ്ലോബൽ ഇനീഷ്യേറ്റിവ് ചെലവിട്ടത് 140 കോടി ദിർഹം. ഒരുവർഷത്തിനിടെ 100 രാജ്യങ്ങളിലായി 10.2 കോടി ജനങ്ങൾക്കാണ് സഹായമെത്തിച്ചത്. രാജ്യാന്തരതലത്തിൽ ദുർബല ജനവിഭാഗങ്ങളെ സഹായിക്കുകയും ദാരിദ്ര്യത്തിനെതിരായ പോരാട്ടം തുടരുകയും ചെയ്യുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
ലോക ജീവകാരുണ്യ ദിനത്തിൽ എക്സിൽ പങ്കുവെച്ച കുറിപ്പിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ദുബൈ മുൻപന്തിലുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. രാജ്യാന്തരതലത്തിൽ ദുബൈ നൽകിവരുന്ന മാനുഷിക സഹായങ്ങളുടെ കണക്കുകളും അദ്ദേഹം പുറത്തുവിട്ടു. ‘സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങൾക്ക് ശോഭനമായ ഭാവി സ്വപ്നം കാണാൻ ദുബൈ എമിറേറ്റ് എല്ലാവിധ പിന്തുണയും നൽകും. രാജ്യത്തിനകത്തും പുറത്തുമുള്ള പാവങ്ങൾക്ക് കൈത്താങ്ങാവുന്ന പ്രവർത്തനങ്ങൾ തുടരും. അതോടൊപ്പം അറബ് സമൂഹങ്ങളുടെ സുസ്ഥിര ഭാവിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകും’- യു.എ.ഇ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ വിഡിയോ പങ്കുവെച്ചുകൊണ്ട് ശൈഖ് മുഹമ്മദ് എക്സിൽ കുറിച്ചു.
വികസ്വരരാജ്യങ്ങളിലെ ജനതയുടെ പ്രയാസങ്ങൾ കുറക്കുന്നതിനും ദാരിദ്ര്യവും വിശപ്പും കുറക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നിർബാധം തുടരുമെന്ന് അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ് റെഡ് ക്രസന്റ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് പറഞ്ഞു.
എമിറേറ്റ്സ് റെഡ് ക്രസന്റിന്റെ നേതൃത്വത്തിലാണ് യു.എ.ഇ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്. ഭൂകമ്പത്തിൽ കനത്ത നാശംവിതച്ച തുർക്കിയ, സിറിയ രാജ്യങ്ങളിൽ കഴിഞ്ഞ അഞ്ചു മാസമായി തുടർന്നുവന്ന ജീവകാരുണ്യ, പുനരധിവാസ പ്രവർത്തനങ്ങൾ ഇക്കഴിഞ്ഞ ജൂലൈയിലാണ് റെഡ് ക്രസന്റ് പൂർത്തീകരിച്ചത്. ഓപറേഷൻ ഗാലന്റ് നൈറ്റ് 2 എന്ന പേരിട്ട ദൗത്യത്തിലൂടെ യു.എ.ഇ പ്രതിരോധ മന്ത്രാലയത്തിന്റെ ഓപറേഷൻസ് കമാൻഡ് ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ 15,164 ടൺ സഹായമാണ് ഈ രാജ്യങ്ങളിൽ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.