ദുബൈ: കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ വലിയ സംഭാവന ചെയ്യുന്ന പ്രതിജ്ഞയിൽ ഒപ്പുവെച്ച് ലോക രാഷ്ട്രങ്ങൾ. ദുബൈയിൽ നടക്കുന്ന കോപ് 28 ഉച്ചകോടിയുടെ ആറാം ദിവസമായ ചൊവ്വാഴ്ചയാണ് ‘ഗ്ലോബൽ കൂളിങ് പ്ലഡ്ജി’ൽ 60ലേറെ രാജ്യങ്ങൾ ഒപ്പുവെച്ചത്. എയർകണ്ടീഷനുകൾ അടക്കമുള്ള ശീതീകരണ മേഖലയിൽ നിന്നുള്ള കാർബൺ ബഹിർഗമനം കുറക്കുന്നതിനാണ് ധാരണയിലെത്തിയിരിക്കുന്നത്. 2050ഓടെ ഒപ്പുവെച്ച രാജ്യങ്ങൾ 2022ലെ നിലവാരത്തിൽ നിന്ന് 68 ശതമാനമെങ്കിലും കാർബൺ പുറന്തള്ളൽ കുറക്കുന്നതിന് നടപടികൾ സ്വീകരിക്കും.
യു.എൻ റിപ്പോർട്ട് പ്രകാരം 2050ൽ ആഗോള കാർബൻ ബഹിർഗമനത്തിന്റെ 10 ശതമാനത്തിലധികം വരുമെന്ന് പ്രവചിക്കപ്പെടുന്ന മലിനീകരണമാണ് ശീതീകരണ സംവിധാനങ്ങളിൽ നിന്നുള്ളത്. അതിനാൽ ഇക്കാര്യത്തിൽ രാജ്യങ്ങൾ ഒരുമിച്ച് നടത്തുന്ന നീക്കം നിർണായക ദൗത്യമായാണ് വിലയിരുത്തപ്പെടുന്നത്. യു.എസ്, ഫ്രാൻസ്, യു.കെ, ജപ്പാൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിജ്ഞയെ പിന്തുണച്ചവരിൽ ഉൾപ്പെടും.
ലോകത്തെ ഊർജ ഗ്രിഡുകളിലെ സമ്മർദം ലഘൂകരിക്കാനും കോടിക്കണക്കിന് ഡോളർ ലാഭിക്കാനും നടപടിക്ക് കഴിയുമെന്നും കോപ് 28 പുറത്തിറക്കിയ റിപ്പോർട്ട് പറയുന്നു. കാർബൺ പുറന്തള്ളൽ കുറച്ചുകൊണ്ട് എങ്ങനെ ശീതീകരണ ആവശ്യങ്ങൾ നിറവേറ്റാം എന്നത് സംബന്ധിച്ച് യു.എൻ പരിസ്ഥിതി പ്രോഗ്രാം പ്രത്യേക റിപ്പോർട്ടും പുറത്തുവിട്ടിട്ടുണ്ട്. പ്രകൃതിദത്ത ശീതീകരണ സംവിധാനങ്ങൾ വിന്യസിച്ചുകൊണ്ട് ബദൽ കാണണമെന്നാണ് ഇതിൽ നിർദേശിച്ചിട്ടുള്ളത്.
നിലവിൽ ശീതീകരണ സംവിധാനങ്ങൾ ലോകത്തെ കൂടുതൽ പൊള്ളിക്കുന്നതായി മാറുകയാണെന്നും, ആഗോള താപനത്തിൽ നിന്ന് കൂടുതൽ ജനങ്ങളെ രക്ഷിക്കാൻ സാധിക്കുന്ന പദ്ധതിയെന്ന നിലയിൽ സർക്കാറുകളും സ്വകാര്യ മേഖലയും ‘ഗ്ലോബൽ കൂളിങ് പ്ലഡ്ജി’ൽ അണിനിരക്കണമെന്നും നടപടികൾ സ്വീകരിക്കണമെന്നും യു.എൻ പരിസ്ഥിതി പ്രോഗ്രാം എക്സി. ഡയറക്ടർ ഇൻഗർ ആൻഡേഴ്സൺ പറഞ്ഞു.
ആഫ്രിക്കയിലെയും ഏഷ്യയിലെയും ഏകദേശം 120കോടി മനുഷ്യർക്ക് ശീതീകരണ സൗകര്യങ്ങൾ ലഭ്യമല്ലെന്നും, കടുത്ത ചൂട് കാരണം ജീവൻ അപകടത്തിലാകുന്നതും കർഷകരുടെ വരുമാനം കുറയുന്നതും നിത്യ സംഭവമാണെന്നും യു.എൻ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രകൃതിദത്തമായ ശീതീകരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നത് വൈദ്യുതി ചെലവ് ചുരുക്കുകയും ഊർജ ഉപഭോഗം മൂലമുള്ള കാർബൺ പുറന്തള്ളൽ കുറക്കുകയും ചെയ്യുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.