അബൂദബി: കനത്ത ചൂടില്‍നിന്ന് രാജ്യം ശൈത്യത്തിലേക്ക്. ചൂട് കുറഞ്ഞുവരുന്നതിനാല്‍ ഏറെ ആശ്വാസത്തിലാണ് ജനങ്ങള്‍. അതേസമയം, മൂടല്‍മഞ്ഞ് സാധ്യതയുള്ളതിനാല്‍ വാഹനയാത്രികര്‍ അതിശ്രദ്ധ പുലര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അബൂദബിയിലെ ചില മേഖലകളില്‍ അധികൃതര്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. അല്‍ ദഫ്‌റ, റുവൈസ് തീരപ്രദേശങ്ങളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
മറ്റിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ദൂരക്കാഴ്ച കുറയുന്നതിനാല്‍ ഗതാഗതനിയമം പാലിച്ച് വേഗത കുറച്ച് വാഹനം ഓടിക്കണമെന്ന് ഡ്രൈവര്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയ കാലാവസ്ഥ വ്യതിയാന സമയങ്ങളില്‍ അബൂദബി റോഡുകളില്‍ വേഗപരിധി 80 കിലോമീറ്ററായി കുറയും.
ശൈത്യകാലത്തിലേക്ക് രാജ്യം കടക്കുന്നതിനാല്‍ ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ കാലാവസ്ഥയില്‍ പ്രകടമായ വ്യത്യാസങ്ങളും അന്തരീക്ഷ താപനിലയില്‍ കാര്യമായ കുറവും ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. സെപ്റ്റംബറിനെ അപേക്ഷിച്ച് ഇപ്പോള്‍ അന്തരീക്ഷ താപനിലയില്‍ വലിയ കുറവുണ്ടായിട്ടുണ്ട്.
അബൂദബി, അല്‍ ഐന്‍ റോഡ് ഉള്‍പ്പെടെ മേഖലയിലെ പല പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് സാധ്യത വര്‍ധിച്ചിരിക്കുകയാണ്. ഇത് ദൂരക്കാഴ്ചയെ ബാധിക്കുമെന്നും യാത്രികര്‍ ശ്രദ്ധപുലര്‍ത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മൂടല്‍മഞ്ഞ് രൂപപ്പെടുന്നത് ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും ദൂരക്കാഴ്ചയെ ബാധിക്കാന്‍ സാധ്യതയുണ്ട്.
അബൂദബി, അല്‍ ഐന്‍ റോഡ്, ഷഖ്ബൂത്ത് സിറ്റി, അല്‍ ഷവാമഖ്, അല്‍ ഫലാഹ്, അര്‍ജാന്‍, അല്‍ ദഫ്റ എന്നിവയുള്‍പ്പെടെ അബൂദബിയിലെ പല പ്രദേശങ്ങളിലും മൂടല്‍മഞ്ഞ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.