അബൂദബി: വിദ്വേഷകരമായ ഉള്ളടക്കമുള്ള വീഡിയോ സമൂഹമാധ്യമത്തിൽ പങ്കുവെച്ച യുവതിക്ക് അഞ്ചുവർഷം തടവും അഞ്ചുലക്ഷം ദിർഹം പിഴയും ശിക്ഷ. അബൂദബി ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധിക്കുശേഷം യുവതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടു. വിദ്വേഷപ്രസംഗം പങ്കുവെച്ച യുവതിയുടെ ഫോൺ പിടിച്ചെടുക്കാനും വിഡിയോ ഡിലീറ്റ് ചെയ്യാനും സമൂഹമാധ്യമ അക്കൗണ്ട് ഇല്ലാതാക്കാനും കോടതി നിർദേശിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതിന് ആജീവനാന്ത വിലക്കും ഏർപ്പെടുത്തി.
പുരുഷന്മാരെയും ഗാർഹിക തൊഴിലാളികളെയും അവഹേളിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് യുവതി അറസ്റ്റിലായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇവർ കുറ്റംചെയ്തതായി വ്യക്തമാവുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചാരണത്തിന് അഞ്ചുവർഷം വരെ തടവോ അഞ്ചുലക്ഷം ദിർഹം മുതൽ പരമാവധി 20 ലക്ഷം ദിർഹം വരെ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ഉള്ള ശിക്ഷയാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്.
2015ലാണ് സാമൂഹികസുരക്ഷ ഉറപ്പാക്കുന്നതിനായി യു.എ.ഇ വിവേചന, വെറുപ്പ് തടയൽ നിയമം നടപ്പാക്കുന്നത്. ജാതി, മത, വർണഭേദങ്ങളുടെ അടിസ്ഥാനത്തിനുള്ള വിവേചനങ്ങളെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. വിദ്വേഷകരമായ രീതിയിൽ എഴുതുകയോ അച്ചടിക്കുകയോ ഓൺലൈൻ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ദൈവനിന്ദ, പ്രവാചകനിന്ദ, പുണ്യഗ്രന്ഥങ്ങളെയും ആരാധനാലയങ്ങളെയും ശ്മശാനങ്ങളെയുമൊക്കെ നിന്ദിക്കുക എന്നതും ഈ ഗണത്തിൽപെടുന്ന കുറ്റകൃത്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.