ദുബൈ: ഈദുൽ ഫിത്ർ അവധിയും വസന്തകാല അവധിയും ഒരുമിച്ചെത്തിയതോടെ ദുബൈ വിമാനത്താവളം റെക്കോഡ് തിരക്കിലേക്ക്. ചൊവ്വാഴ്ച മുതൽ എപ്രിൽ 15വരെയുള്ള ദിവസങ്ങളിൽ 36 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കണക്കാക്കുന്നത്. ഇതനുസരിച്ച് ശരാശരി ഓരോ ദിവസവും രണ്ടര ലക്ഷത്തിലേറെ യാത്രക്കാർ കടന്നുപോകും. അടുത്ത ശനിയാഴ്ച മുതൽ തിരക്ക് വർധിക്കുകയും യാത്രക്കാരുടെ എണ്ണം മൂന്നു ലക്ഷത്തിന് അടുത്തെത്തുകയും ചെയ്യും.
തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് വിമാനത്താവളം അധികൃതർ യാത്ര സുഗമമാക്കാൻ മാർഗനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. യാത്രക്കാർ അവധിക്ക് നാട്ടിലേക്ക് പോവുകയാണെങ്കിലും ആഘോഷങ്ങളിൽ പങ്കെടുക്കാൻ ദുബൈയിൽ എത്തുകയാണെങ്കിലും എല്ലാ അതിഥികൾക്കും അവിസ്മരണീയമായ അനുഭവം ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിമാനത്താവളം അധികൃതർ പറഞ്ഞു. യാത്രക്കാർ വീട്ടിൽനിന്ന് ലഗേജുകളുടെ ഭാരം കണക്കാക്കുക, രേഖകൾ മുൻകൂട്ടി ക്രമീകരിക്കുക, കാലതാമസം കുറക്കുന്നതിന് സുരക്ഷ പരിശോധനകൾക്ക് തയാറായി എത്തുക എന്നിവ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.
സ്പെയർ ബാറ്ററികളും പവർ ബാങ്കുകളും ഹാന്റ് ബാഗേജിൽ പാക്ക് ചെയ്യാൻ ഓർമിക്കണമെന്നും തിരക്കുള്ള സമയങ്ങളിൽ ടെർമിനലിനുള്ളിൽ യാത്രക്കാരെ മാത്രമേ അനുവദിക്കൂ എന്നതിനാൽ യാത്രപറച്ചിലുകൾ വീട്ടിൽനിന്ന് പൂർത്തിയാക്കണമെന്നും പ്രസ്താവനയിൽ നിർദേശിക്കുന്നു. റോഡിൽ ഗതാഗതക്കുരുക്കുണ്ടെങ്കിൽ ടെർമിനൽ ഒന്നിലേക്കും മൂന്നിലേക്കും വരുന്നവർക്ക് മെട്രോ ഉപയോഗപ്പെടുത്താം. എമിറേറ്റ്സ് യാത്രക്കാർക്ക് കമ്പനിയുടെ ഹോം, സിറ്റി തുടങ്ങിയ നേരത്തേ ചെക്-ഇൻ പൂർത്തിയാക്കുന്ന സംവിധാനങ്ങളും ഉപയോഗിക്കാം. ഫ്ലൈ ദുബൈ യാത്രക്കാർ യാത്രയുടെ നാലുമണിക്കൂർ മുമ്പെങ്കിലും എത്തിച്ചേരാനും നിർദേശിച്ചിട്ടുണ്ട്. മറ്റു എയർലൈനുകളിൽ യാത്ര ചെയ്യുന്നവർ മൂന്നു മണിക്കൂർ മുമ്പുതന്നെ എത്തിയിരിക്കണം. ഓൺലൈൻ ചെക്-ഇൻ സംവിധാനം ലഭ്യമാണെങ്കിൽ ഉപയോഗപ്പെടുത്തുകയും വേണം. 12 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്ക് എമിഗ്രേഷൻ പൂർത്തിയാക്കാൻ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കാവുന്നതാണ്. ഏറ്റവും പുതിയ യാത്രാ നിർദേശങ്ങൾ അറിഞ്ഞിരിക്കാൻ ശ്രദ്ധിക്കണമെന്നും ആവശ്യമായ എല്ലാ രേഖകളും കൈയിൽ കരുതണമെന്നും നിർദേശത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.