ദുബൈ: 100 കോടി ദിർഹമിന്റെ വിദ്യാഭ്യാസ ഫണ്ട് സ്വരൂപിക്കാനുള്ള ‘മദേഴ്സ് എൻഡോവ്മെന്റി’ലേക്ക് രണ്ട് കോടി ദിർഹം സംഭാവന ചെയ്ത് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ).
യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച പദ്ധതി വഴി ലോകത്താകമാനം വിദ്യാഭ്യാസ സഹായമെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ വർഷത്തെ റമദാനിന് മുന്നോടിയായാണ് പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്.
വിവിധ ജീവകാരുണ്യ സംരംഭങ്ങളുമായി ചേർന്നാണ് ദുർബല സമൂഹങ്ങൾക്ക് വേണ്ടി വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുക. ശൈഖ് മുഹമ്മദ് ബിൻ റാശിദ് തുടക്കമിട്ട എല്ലാ ജീവകാരുണ്യ, മാനുഷിക സംരംഭങ്ങളുടെയും ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ‘ദീവ’ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ സഈദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇത്തരം സംരംഭങ്ങൾ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തെ മാറ്റുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. മെച്ചപ്പെട്ട ജീവിതം നേടാൻ അവരെ ശാക്തീകരിക്കുന്നതിൽ പ്രധാനം വിദ്യാഭ്യാസമാണ്. അതിനാൽ ‘മദേഴ്സ് എൻഡോവ്മെൻറ്’ കാമ്പയിനുമായി സഹകരിക്കുന്നതിൽ അഭിമാനിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു. കാമ്പയിൻ ആരംഭിച്ച് നാല് ദിവസത്തിനുള്ളിൽ മദേഴ്സ് എൻഡോവ്മെൻറിലേക്ക് സംഭാവന ചെയ്തവർക്ക് ആയിരക്കണക്കിന് പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ട്. മാതാക്കളെ ആദരിക്കുന്നതിനായി അവരുടെ പേരിലാണ് സംഭാവനകൾ നൽകുന്നത്. സംഭാവന നൽകുന്നവർക്കാണ് സർട്ടിഫിക്കറ്റുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.