അബൂദബി: തലസ്ഥാന എമിറേറ്റിലെ ജനങ്ങൾക്ക് അസാധാരണ ഗുണനിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് അബൂദബി എമിറേറ്റിൽ ഡയമണ്ട്‌സ് റേറ്റിങ് സമ്പ്രദായം നടപ്പാക്കുന്നു. ഏറ്റവും മികച്ച ആരോഗ്യ പരിരക്ഷ സൗകര്യങ്ങൾ നൽകാൻ ലക്ഷ്യമിട്ട് അബൂദബി ഹെൽത്ത് കെയർ ക്വാളിറ്റി ഇൻഡക്‌സ് 'മുവാഷിർ' പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
സമഗ്രതയും ഗുണനിലവാരവും ഉറപ്പാക്കുന്ന കാര്യത്തിൽ അബൂദബി ഹെൽത്ത് കെയർ ക്വാളിറ്റി ഇൻഡക്‌സ് ഈ മേഖലയിലെ ആദ്യത്തേതാണ്. സേവനങ്ങളുടെ ഗുണനിലവാരം അളക്കുന്നതിനായി 2014ൽ ആരോഗ്യവകുപ്പ് ആരംഭിച്ച ജാവ്ദ പ്രോഗ്രാമിെൻറ വിപുലീകരണമായി അബൂദബി എമിറേറ്റിലെ ആരോഗ്യ പരിരക്ഷ സൗകര്യങ്ങൾ വഴി 'മുവാഷിർ' പദ്ധതി പ്രവർത്തിക്കും.
അബൂദബി ഹെൽത്ത് കെയർ ഗുണനിലവാര സൂചികയായ 'മുവാഷിർ' ഉൾപ്പെടെ ക്ലിനിക്കൽ കെയർ ഫലങ്ങൾ, ആരോഗ്യ പരിപാലന ചട്ടങ്ങളുടെ ഉറപ്പ്, രോഗിയുടെ സന്തോഷം, രോഗിയുടെ ആരോഗ്യം, ഗുണനിലവാര ഉറപ്പ് സർട്ടിഫിക്കറ്റ്, ജീവനക്കാരുടെ സന്തോഷം, ശരിയായ ക്ലെയിമുകൾ, സുരക്ഷിത ജോലിസ്ഥലം, ഗവേഷണവും പുതുമയും തുടങ്ങി ഒമ്പതു പ്രധാന സ്തംഭങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും.
ആശുപത്രികളുടെ പ്രകടനം ഒട്ടേറെ തലങ്ങളനുസരിച്ച് കണക്കാക്കുകയും അവയെ അഞ്ചു വിഭാഗങ്ങളായി തിരിക്കുകയും ചെയ്യുന്ന സ്ഥിതിവിവരക്കണക്ക് അടിസ്ഥാനമാക്കിയാണ് ഡയമണ്ട്‌സ് റേറ്റിങ് സമ്പ്രദായം നടപ്പാക്കുന്നത്. ഈ വർഗീകരണം വർഷംതോറും നൽകും.
മികച്ച ആരോഗ്യസേവന സൗകര്യങ്ങൾക്ക് ഒന്നുമുതൽ അഞ്ചുവരെ ഡയമണ്ട്‌സ് നൽകും. ഒരു ഡയമണ്ട് നല്ലത്, രണ്ട് ഡയമണ്ട്‌സ് വളരെ നല്ലത്, മൂന്ന് ഡയമണ്ട്‌സ് മികച്ചത്, നാല് ഡയമണ്ട്‌സ് അസാധാരണം, അഞ്ച് ഡയമണ്ട്‌സ് ഏറ്റവും മികച്ചത് എന്നിങ്ങനെയാണ് സൂചിപ്പിക്കുന്നതെന്ന് അബൂദബി ആരോഗ്യ വകുപ്പ് ആക്ടിങ് അണ്ടർ സെക്രട്ടറി ഡോ. ജമാൽ അൽ കാബി വ്യക്തമാക്കി. ഏഴു വർഷമായി അബൂദബി എമിറേറ്റിലെ ആരോഗ്യമേഖലയുടെ ഗുണനിലവാരം ഉയർത്തുന്നതിൽ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്.
ആരോഗ്യ പരിപാലന നിലവാരത്തിലും രോഗിയുടെ അനുഭവത്തിലും മികവ് പുലർത്തുന്നതിന് മികച്ച സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെയർ ക്വാളിറ്റി കമീഷൻ (സി.ക്യു.സി) പോലുള്ള ആരോഗ്യസംരക്ഷണ ഗുണനിലവാരത്തിൽ മുന്നിട്ടുനിൽക്കുന്ന പ്രമുഖ ആഗോള സ്ഥാപനങ്ങളുമായി സഹകരിച്ചാണ് അബൂദബി ഹെൽത്ത് കെയർ ക്വാളിറ്റി ഇൻഡെക്‌സ് വികസിപ്പിച്ചത്.
പൊതുജനങ്ങളുമായി ഇടപഴകാനും സമൂഹത്തിൽ അവബോധം വളർത്താനും ആരോഗ്യസംരക്ഷണ സേവനങ്ങളുടെ ഗുണനിലവാരത്തിന് അടിസ്ഥാനമായി രോഗിയുടെ സുരക്ഷക്കും ആവശ്യങ്ങൾക്കും മുൻഗണന നൽകാനും ലക്ഷ്യമിടുന്നതായും അൽ കാബി പറഞ്ഞു.അബൂദബി എമിറേറ്റിലെ എല്ലാ ആരോഗ്യ പരിരക്ഷ സൗകര്യങ്ങളും ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നു.
2018 മുതൽ മേൽപറഞ്ഞ ഒമ്പത് സ്തംഭങ്ങളെ അടിസ്ഥാനമാക്കി അബൂദബി എമിറേറ്റിലെ ആശുപത്രികളെ ആരോഗ്യവകുപ്പ് വിലയിരുത്തുന്നു. വിശിഷ്ട ആരോഗ്യ സൗകര്യങ്ങൾക്കായുള്ള ഫലങ്ങളും വർഗീകരണങ്ങളും ആരോഗ്യവകുപ്പ് ഉടൻ പ്രഖ്യാപിക്കും. അബൂദബി ആരോഗ്യ സേവന ഗുണനിലവാര സൂചികയെക്കുറിച്ച് കൂടുതലറിയാൻ ആരോഗ്യ സൗകര്യങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.