ദുബൈ: ഭിന്നശേഷി സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്ന അനേകം നൂതന കണ്ടുപിടിത്തങ്ങൾ അവതരിപ്പിച്ച് വിസ്മയം തീർക്കുകയാണ് ആക്സസ് എബിലിറ്റി എക്സ്പോ. അന്ധരായവർക്ക് ഉപയോഗിക്കാൻ കഴിയുന്ന ലാപ്ടോപ്, സംസാരിക്കുന്ന മൈക്രോവേവ്, കളിപ്പാട്ടങ്ങളെ പോലും കവച്ചുവെക്കുന്ന വിവിധതരം വീൽചെയറുകൾ, ഓട്ടിസം ബാധിച്ച കുട്ടികൾക്കുള്ള പ്രത്യേക ഇയർ പോഡുകൾ, ഭിന്നശേഷിക്കാർക്ക് ഓടിക്കാൻ കഴിയുന്ന ഇലക്ട്രിക് കാറുകൾ അങ്ങനെ തുടങ്ങി അനേകം നൂതന ഉപകരണങ്ങളാണ് ആക്സസ് എബിലിറ്റി എക്സ്പോ പരിചയപ്പെടുത്തുന്നത്.
ദുബൈ എക്സ്പോ സിറ്റിയിൽ മൂന്നു ദിവസമായി നടക്കുന്ന എക്സ്പോയിൽ ലോകത്തെ 250ലധികം വരുന്ന പ്രദർശകർ അണിനിരക്കുന്നുണ്ട്. ബധിരർ, അന്ധർ, ഓട്ടിസം ബാധിച്ച കുട്ടികൾ, പ്രായമായവർ ഉൾപ്പെടെയുള്ളവർക്കായി എട്ടിലധികം നൂതന കണ്ടുപിടിത്തങ്ങൾ പരിചയപ്പെടുത്തുന്നുണ്ട് എക്സിബിഷൻ.
നിശ്ചയദാർഢ്യമുള്ളവരെ കൊണ്ടുപോകാനുള്ള അതിനൂതന സൗകര്യങ്ങളും സൗഹൃദാന്തരീക്ഷവുമുള്ള ആംബുലൻസാണ് ഇതിൽ ഏറ്റവും ആകർഷകം. ഓട്ടിസം ബാധിച്ച കുട്ടികൾക്ക് പരസഹായമില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയുന്ന റോബോട്ടിക് സ്പൂണുകളും പ്രദർശനത്തിലെ താരമാണ്.
അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന വീൽചെയറുകളും ആകർഷകമാണ്. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ഒരുപോലെ തടസ്സമില്ലാതെ സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുംവിധത്തിൽ ക്രമീകരിച്ചിട്ടുള്ളതാണ് അതിനൂതന വീൽചെയറുകൾ. കോണിപ്പടികൾ അനായാസം ഇറങ്ങാൻ കഴിയുന്ന ചെയിനുകൾ ഘടിപ്പിച്ചതാണ് വീൽചെയറുകൾ.
ഓട്ടിസം ബാധിച്ച കുട്ടികൾക്ക് മാനസിക സംഘർഷങ്ങളിൽനിന്ന് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നതാണ് സെൻസറി ഐപോഡുകൾ. പൊലീസ് സ്റ്റേഷനുകളെ സമീപിക്കുന്ന ഭിന്നശേഷിക്കാർ ആംഗ്യഭാഷയിൽ സഹായം ലഭ്യമാക്കുന്ന ഉപകരണമാണ് ദുബൈ പൊലീസ് അവതരിപ്പിക്കുന്നത്. വീൽചെയറിൽ ഇരുന്നുകൊണ്ടുതന്നെ ഇത് പ്രവർത്തിപ്പിച്ച് പൊലീസിന്റെ സഹായം തേടാനാകും.
വൈകാതെ ദുബൈയിലെ മുഴുവൻ പൊലീസ് സ്റ്റേഷനുകളിലും സൗകര്യം ലഭ്യമാക്കാനാണ് തീരുമാനം. കൂടാതെ ഡ്രീം ഫോണുകൾ, ടാക്റ്റൈൽ ഗ്രാഫിക് പ്രിന്ററുകൾ, പലതരം കിയോസ്കുകൾ, ടാക്റ്റൈൽ ചെസ് സെറ്റ് തുടങ്ങിയ മേഖലയിലെ 50 ദശലക്ഷം വരുന്ന നിശ്ചയ ദാർഢ്യവിഭാഗത്തിന് സഹായകമാവുന്ന നൂതന ഉപകരണങ്ങളാണ് എക്സ്പോ പ്രദർശനത്തിനെത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.