ദുബൈ: ഭാവിയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ പൊതു-സ്വകാര്യ മേഖലകളുടെ യോജിച്ച സാമ്പത്തിക പങ്കാളിത്തം അനിവാര്യമാണെന്ന് യു.എ.ഇയുടെ സ്വതന്ത്ര കാലാവസ്ഥ വ്യതിയാന നിയന്ത്രണ സമിതി പ്രസിഡന്റും സി.ഇ.ഒയുമായ ശൈഖ ഷമ്മ ബിൻത് സുൽത്താൻ.
കാലാവസ്ഥ വ്യതിയാനം തടയാൻ ഇരുകൂട്ടരും ചെലവഴിക്കുന്ന സാമ്പത്തിക സഹായങ്ങൾ ലയിപ്പിച്ച് മുന്നോട്ടുപോകാനും പൊതു-സ്വകാര്യ മേഖലകളോട് അവർ ആഹ്വാനം ചെയ്തു. ദേശീയ അടിയന്തര, ദുരന്ത നിയന്ത്രണ അതോറിറ്റി അബൂദബിയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പകർച്ചവ്യാധികൾപോലുള്ള ദുരന്തങ്ങൾ നേരിടാൻ യോജിച്ച് മുന്നോട്ടുപോകണമെന്ന് ലോക രാജ്യങ്ങളോടും ആവശ്യപ്പെട്ടു. ലോകമെമ്പാടുമുള്ള സമൂഹങ്ങൾ ഭാവിയിലെ പ്രശ്നങ്ങൾ നേരിടുന്നതിന് മികച്ച രീതിയിൽ തയാറെടുക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് സ്വകാര്യ, സർക്കാർ ബജറ്റുകൾ സംയോജിപ്പിക്കുന്നതിന് മുൻഗണന നൽകണം. കോവിഡ് ഫലമായി വലിയ മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചിട്ടുള്ളത്.
വാക്സിൻ ഗവേഷണ മേഖലയിലെ നിക്ഷേപങ്ങൾ മെഡിക്കൽ രംഗത്ത് വിപ്ലവം സൃഷ്ടിക്കുകയും ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിക്കുകയും ചെയ്തു. വൈറസ് കണ്ടു പിടിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ വികാസങ്ങളും ഇതിന്റെ ഭാഗമായി. കോവിഡ് മഹാവ്യാധിയുടെ കാലത്ത് ആഗോള സഹകരണത്തിന്റെ ആവശ്യകത ലോകം പഠിച്ചുവെന്നാണ് ആഗോള ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെട്ടതെന്നും ശൈഖ ഷമ്മ ബിൻത് സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.