ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളുടെ വികസനത്തിനായി ദുബൈ സംഘടിപ്പിക്കുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് ചലഞ്ചിന്റെ അവസാന റൗണ്ടിലെത്തിയ 10 വാഹനങ്ങളുടെ പേരുകൾ പ്രഖ്യാപിച്ചു. മൂന്നാമത് ഡ്രൈവറില്ലാ വാഹനങ്ങളുടെ അന്താരാഷ്ട്ര മത്സരത്തിൽ ഇത്തവണ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂതനമായ വാഹനങ്ങൾ പങ്കെടുത്തിരുന്നു. ‘സ്വയംപ്രവർത്തിക്കുന്ന ബസുകൾ’ എന്ന തീമിലാണ് ഇത്തവണത്തെ മത്സരങ്ങൾ നടന്നത്. അപകടവും തടസ്സങ്ങളും മുൻകൂട്ടി കണ്ട് സ്വയം ഓടുന്ന ബസുകൾ നിർമിക്കുന്ന മുൻനിര സ്ഥാപനങ്ങളും യു.എ.ഇയിലെ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ചലഞ്ചിൽ പ്രധാനമായും മാറ്റുരച്ചത്. 23 ലക്ഷം ഡോളറാണ് ചലഞ്ചിന്റെ വിജയികൾക്ക് ലഭിക്കുന്ന സമ്മാനത്തുക. ഇതിൽ 20 ലക്ഷം ഡോളർ സ്ഥാപനങ്ങൾക്കും, മൂന്ന് ലക്ഷം ഡോളർ ഗവേഷണ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ലഭിക്കും.
ദുബൈ ആതിഥ്യമരുളുന്ന സെൽഫ് ഡ്രൈവിങ് ട്രാൻസ്പോർട്ട് വേൾഡ് കോൺഗ്രസിൽ വെച്ച് ഈ മാസം 26നാണ് മത്സരവിജയികളെ പ്രഖ്യാപിക്കുക. ദുബൈ വേൾഡ് ട്രേഡ് സെൻററിൽ 26,27 തീയതികളിലാണ് കോൺഗ്രസ് ഒരുക്കുന്നത്. ഡ്രൈവറില്ലാ വാഹനങ്ങളുടെ അന്താരാഷ്ട്ര വിദഗ്ധനായ ഡോ. സ്റ്റീവൻ ഷ്ലാഡോവറാണ് മത്സരത്തിന്റെ ജഡ്ജിങ് പാനലിനെ നയിക്കുന്നത്. യു.കെ, ഈജിപ്ത്, ചൈന, ഫ്രാൻസ്, തായ്വാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള കമ്പനികളാണ് മത്സരത്തിന്റെ അവസാനറൗണ്ടിൽ എത്തിയിരിക്കുന്നത്. അതോടൊപ്പം ദുബൈയിലെ വിവിധ സർവകലാശാലകൾ ലോക്കൽ അക്കാദമിയ വിഭാഗത്തിലും ഇടംപിടിച്ചു.
27 സ്ഥാപനങ്ങൾ രണ്ടു കാറ്റഗറിയിലായി ചലഞ്ചിന് മുന്നോട്ടു വന്നിട്ടുള്ളതായി ആർ.ടി.എ അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഇവരിൽനിന്നാണ് പരീക്ഷണയോട്ടങ്ങൾക്കും മറ്റു വിശദമായ പരിശോധനകൾക്കും ശേഷം പത്തെണ്ണത്തിനെ ഫൈനലിലേക്ക് തിരഞ്ഞെടുത്ത്.മുൻ വർഷത്തേക്കാൾ ഇക്കുറി മത്സരാർഥികളുടെ എണ്ണം 130 ശതമാനം വർധിച്ചിട്ടുണ്ട്. മൊത്തം വാഹനങ്ങളുടെ 25 ശതമാനം സ്വയം നിയന്ത്രിത വാഹനങ്ങളാക്കാനുള്ള ദുബൈയുടെ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ചലഞ്ച്. ദുബൈ സിലിക്കൺ ഒയാസിസിലാണ് ഡ്രൈവറില്ലാതെ വാഹനങ്ങളുടെ പരീക്ഷണയോട്ടം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.