ദുബൈ: ഏഷ്യൻ രാജ്യത്തുനിന്ന് എയർ കാർഗോ വഴി ദുബൈയിലേക്ക് കടത്താൻ ശ്രമിച്ച രണ്ടു ലക്ഷം മയക്കുമരുന്ന് ഗുളികകൾ ദുബൈ കസ്റ്റംസ് പിടികൂടി. 62 ലക്ഷം ദിർഹം വിലവരുന്ന ഗുളികകളാണ് പിടികൂടിയത്.
രണ്ട് കാർഗോകളിലായി മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. സംശയത്തെ തുടർന്ന് ദുബൈ കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ആദ്യ കാർഗോയിൽ 20 പാർസലുകളിലായി 460 കിലോയുടെ നിരോധിത ഗുളികകൾ കണ്ടെത്തിയത്. ഇതിന് 10 ലക്ഷം ദിർഹം വിലവരും.
പിന്നാലെയെത്തിയ രണ്ടാമത്തെ കാർഗോയിൽ 22 പാർസലുകളിലായി 520 കിലോ 1,75,300 ട്രമാഡോൾ ഗുളികകളും കണ്ടെത്തുകയായിരുന്നു. ഇതിന് 52,50,000 ദിർഹം വിലവരുമെന്ന് കസ്റ്റംസ് വിഭാഗം അറിയിച്ചു. പാർസൽ ഉടമകളെയും പിടിച്ചെടുത്ത ഗുളികകളും നിയമനടപടികൾക്കായി ദുബൈ പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് ദുബൈയിൽ മയക്കുമരുന്ന് ഗുളികകൾ പിടികൂടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച നടന്ന പരിശോധനയിൽ അഞ്ച് ഷിപ്പിങ് കണ്ടെയ്നറുകളിലായി കടത്താൻ ശ്രമിച്ച 387 കോടി ദിർഹം വിലമതിക്കുന്ന കപ്റ്റഗോൺ ഗുളികകൾ പിടികൂടിയിരുന്നു. ലഹരികടത്തു സംഘത്തിലെ ആറു പേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു.
വീട് നിർമാണത്തിനായി ഉപയോഗിക്കുന്ന വാതിലുകളിലും പാനലുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. യു.എ.ഇ തീരത്തെത്തിയ ചരക്കുകപ്പലിൽ നിരോധിത വസ്തുക്കളടങ്ങിയ കണ്ടെയ്നറുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് ദൗത്യം ആരംഭിച്ചത്. യു.എ.ഇയിലെത്തിച്ച ശേഷം മറ്റൊരു രാജ്യത്തേക്ക് ലഹരിമരുന്നുകൾ കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി.
തുറമുഖത്തെത്തിയ ഷിപ്പിങ് കണ്ടെയ്നറുകൾ വ്യവസായ മേഖലയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങൾ ഒന്നിനു പിറകെ ഒന്നായി പൊലീസിന്റെ പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.