ദുബൈ: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ സർവിസ് വഴി മയക്കുമരുന്ന് കടത്താനുള്ള രണ്ട് ശ്രമം ദുബൈ കസ്റ്റംസ് പരാജയപ്പെടുത്തി. രണ്ട് സംഭവങ്ങളിൽനിന്നായി നിയന്ത്രിത മരുന്ന് ഉൾപ്പെടെ 1,71,600 നിരോധിത ഗുളികകൾ പിടികൂടി.
ആദ്യ പരിശോധനയിൽ 57 കിലോഗ്രാം വരുന്ന 600 ‘സിപ്രലക്സ്’ ഗുളികൾ ഉൾപ്പെടെ 96,000 മയക്കുമരുന്ന് ഗുളികകളാണ് പിടികൂടിയത്. മൂന്ന് കാർഗോകളിലായി കടത്താനായിരുന്നു ശ്രമം. രണ്ടാമത്തെ ദൗത്യത്തിൽ മൂന്ന് കാർഗോകളിലായി കടത്താൻ ശ്രമിച്ച 64 കിലോഗ്രാം വരുന്ന 75,000 അനസ്തറ്റിക് മരുന്നായ ‘പ്രിഗാബാലിൻ’ ആണ് പിടികൂടിയത്.
അപസ്മാരത്തിനും നാഡീവേദനക്കും ഉപയോഗിക്കുന്ന മരുന്നാണ് പ്രിഗാബാലിൻ. നിയന്ത്രിത വിഭാഗത്തിൽപെടുന്ന ഈ മരുന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. വിഷാദത്തിനും മാനസിക സമ്മർദങ്ങൾക്കും ഉപയോഗിക്കുന്ന മരുന്നാണ് സിപ്രലക്സ്. ഇതും നിയന്ത്രിത വിഭാഗത്തിൽപെടുന്നതാണ്.
ദുബൈ കസ്റ്റംസിന്റെ സ്പെഷൽ ടാസ്ക് ഫോഴ്സിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് വേട്ട. പിടികൂടിയ പാർസലുകളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
ഇക്കഴിഞ്ഞ ജൂണിലും ദുബൈ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 3.2 കിലോഗ്രാം കൊക്കെയിൻ കസ്റ്റംസ് പിടികൂടിയിരുന്നു. ലാറ്റിനമേരിക്കൻ രാജ്യത്തുനിന്ന് വന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ബെൽറ്റിനുള്ളിൽ ഒളിപ്പിച്ചനിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
ഏപ്രിലിൽ നടന്ന പരിശോധനയിൽ ഏഷ്യൻ വംശജനായ യുവാവിൽനിന്ന് 880 ഗ്രാം ഹെറോയിൻ പിടികൂടിയിരുന്നു.
ഷൂ, ലാപ്ടോപ്, സ്യൂട്ട്കേസിന്റെ കൈപ്പിടി എന്നിവിടങ്ങളിലായി ഒളിപ്പിച്ചനിലയിലായിരുന്നു മയക്കുമരുന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.