ദുബൈ: ദുബൈ രാജ്യാന്തര വിമാനത്താവളത്തിലെ സ്മാർട്ട് ഗേറ്റ് സംവിധാനത്തിലൂടെ യാത്രാനടപടികൾ കൂടുതൽ വേഗത്തിലായി. നിലവിൽ നാലു സെക്കൻഡിനുള്ളിൽ യാത്രക്കാർക്ക് നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന അത്യാധുനിക സ്മാർട്ട് ഗേറ്റുകളാണ് ദുബൈ എയർപോർട്ടിലുള്ളതെന്ന് അധികൃതർ വെളിപ്പെടുത്തി. സ്മാർട്ട് ഗേറ്റിലൂടെയുള്ള നടപടികൾ സന്തോഷകരമായ അനുഭവങ്ങളാണ് യാത്രക്കാർക്ക് പകരുന്നതെന്ന് വേൾഡ് ട്രേഡ് സെന്റർ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ ജി.ഡി.ആർ.എഫ്.എ പവിലിയനിൽ അധികൃതർ വിശദീകരിച്ചു. ലോകത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടുകളിൽ ഒന്നായ ദുബൈ രാജ്യാന്തര വിമാനത്താവളത്തിൽ നിലവിൽ 127 സ്മാർട്ട് ഗേറ്റുകളാണ് ആകെ ഉള്ളതെന്നും അധികൃതർ പറഞ്ഞു.
വിമാനത്താവളത്തിലെ പാസ്പോർട്ട് കൗണ്ടറുകളുടെ മുന്നിലുണ്ടാകുന്ന നീണ്ട ക്യൂവിൽ കാത്തുനിൽക്കാതെ സഞ്ചാരികൾക്ക് നിമിഷനേരം കൊണ്ട് സ്വയം തന്നെ യാത്രാനടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനമാണ് സ്മാർട്ട് ഗേറ്റുകൾ. വിവിധ മേഖലകളിലെ തുടർച്ചയായ വികസനവും നവീകരണവുമാണ് ദുബൈയുടെ ആഗോള സഞ്ചാരകേന്ദ്രം എന്ന സ്ഥാനം ശക്തിപ്പെടുത്തിയത്. കൂടാതെ ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് വിശിഷ്ടവും നൂതനവുമായ യാത്ര അനുഭവങ്ങൾ നൽകുന്നതിനുള്ള പ്രതിബദ്ധതയെയാണ് യാത്രക്കാരുടെ നടപടികൾ കൂടുതൽ വേഗത്തിലും ലളിതവും സുഖകരവുമാക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.