അബൂദബി: എമിറേറ്റിൽ പുതുതായി 15 പുതിയ നഴ്‌സറികള്‍ക്കുകൂടി അബൂദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് (അഡെക്) ലൈസന്‍സ് അനുവദിച്ചു. അബൂദബി, അല്‍ഐന്‍, അല്‍ ദഫ്റ എന്നിവിടങ്ങളിലായാണ് പുതിയ നഴ്‌സറികള്‍ തുറക്കുക. ഇതുവഴി 1250 സീറ്റുകൾ കൂടി അധികമായി സൃഷ്ടിക്കപ്പെടും.
അബൂദബിയിലെ ആല്‍ നഹ്യാനില് ബ്രിട്ടീഷ് ഓര്‍കാഡ് നഴ്‌സറി, അല്‍ മന്‍ഹലിലെ ആപ്പിള്‍ ഫീല്‍ഡ് നഴ്‌സറി, അല്‍ ബാഹിയയിലെ ബ്രിട്ടീഷ് ഹോം നഴ്‌സറി, മദീനത്ത് അല്‍ റിയാദിലെ ലേണിങ് ട്രീ നഴ്‌സറി, അല്‍ ദഫ്റ സായിദ് സിറ്റിയിലെ ലിറ്റില്‍ ജീനിയസ് നഴ്‌സറി, ഖലീഫ സിറ്റിയിലെ ലിറ്റില്‍ സ്മാര്‍ട്ടീസ് നഴ്‌സറി, റീം ഐലന്‍ഡിലെ മാപ്പിള്‍ ട്രീ ഇന്‍റര്‍നാഷനല്‍ നഴ്‌സറീസ്, മുഹമ്മദ് ബിന്‍ സായിദ് സിറ്റിയിലെ കിഡ്‌സ് ഫാന്‍റസി നഴ്‌സറി, മദീനത്ത് അല്‍ റിയാദിലെ സ്‌മോള്‍ സ്റ്റാര്‍സ് നഴ്‌സറി, ബനിയാസിലെ തിങ്കേഴ്‌സ് പ്ലാനറ്റ് നഴ്‌സറീസ്, ആല്‍ നഹ്യാനിലെ ടൈനി ഡ്രീംസ് നഴ്‌സറി, അല്‍ റാഹയിലെ ജാക്ക് ആന്‍ഡ് ജില്‍ നഴ്‌സറി, അല്‍ കസിറിലെ റെഡ് വുഡ് നഴ്‌സറീസ്, ആല്‍ നഹ്യാന് എന്നിവയാണ് പുതുതായി ലൈസന്‍സ് ലഭിച്ച നഴ്‌സറികള്‍.
വാടകയും കുട്ടികളുടെ അനുപാതത്തിന് അനുസരിച്ചു നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ചെലവുകളും നഴ്‌സറികളിലെ വിദ്യാഭ്യാസ ഉപകരണങ്ങളും സുരക്ഷാവസ്തുക്കളും അടക്കമുള്ളവയുടെ ചെലവും കണക്കിലെടുത്ത് സുതാര്യമായ ഫീസ് ആണെന്ന് പരിശോധിച്ചുറപ്പുവരുത്തിയാണ് അഡെക് നഴ്‌സറികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ആകെ 225 സ്വകാര്യ നഴ്‌സറികളാണ് അഡെക്കിന് കീഴിലുള്ളത്. ഇവിടങ്ങളിലായി 27791 സീറ്റുകളുമുണ്ട്. നഴ്സറിയിലെത്തുന്ന കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് നഴ്സറികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ അഡെക് നേരത്ത പുറപ്പെടുവിച്ചിരുന്നു.
അപ്പാർട്മെന്‍റ് ബിൽഡിങ്ങിന്‍റെ ഗ്രൗണ്ട് ഫ്ലോറിലോ ഫസ്റ്റ് ഫ്ലോറിലോ ആയിരിക്കണം നഴ്സറി. വില്ലകളുമായി ബന്ധപ്പെട്ടും നഴ്സറി സ്ഥാപിക്കാം. വൃത്തിയും വെടിപ്പുമുള്ള നല്ല കെട്ടിടത്തിലാവണം നഴ്സറി ആരംഭിക്കേണ്ടത്. അഗ്നിശമന ഉപകരണങ്ങൾ കെട്ടിടത്തിൽ ആവശ്യമാണ്. കെട്ടിടം നഴ്സറിക്ക് ഉപയുക്തമാണെന്നു വ്യക്തമാക്കുന്ന മുനിസിപ്പാലിറ്റി സർട്ടിഫിക്കറ്റ് നഴ്സറി തുടങ്ങുന്നതിന് അനിവാര്യമാണ്.
നഴ്സറിയിൽ എത്തുന്ന കുട്ടികളെ ഉൾക്കൊള്ളാൻ കഴിയുന്നതാവണം കെട്ടിടം. മുറികളും കളിയിടവും മറ്റ് സൗകര്യങ്ങളും പ്രത്യേകമായി തിരിച്ചും വൃത്തിയും വെടിപ്പോടെയും സൂക്ഷിക്കണം. എല്ലാ മുറികളിലും ജനാലയും വൃത്തിയുള്ള കാർപറ്റും അനിവാര്യമാണ്. പകർച്ചവ്യാധികളെ തടയാനും രോഗമുള്ള കുട്ടികളെ കൈകാര്യം ചെയ്യാൻ ജീവനക്കാർ സ്വീകരിക്കേണ്ട അവശ്യ നടപടികളെക്കുറിച്ചും കുട്ടികളുടെ ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകളിൽ ബോധവത്കരണം നടത്തേണ്ടതിനെക്കുറിച്ചുമൊക്കെ അധികൃതരുടെ നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.