ദുബൈ: കരിപ്പൂരിലേക്ക് പോകേണ്ട വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയതോടെ 150ലേറെ യാത്രക്കാര്‍ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങി. വ്യാഴാഴ്ച രാവിലെ 9.20 ന് പുറപ്പെടേണ്ട ഇന്‍ഡിഗോ വിമാനത്തില്‍ പോകേണ്ടിയിരുന്നവരാണ് ദിവസം മുഴുവന്‍ ദുരിതം അനുഭവിച്ചത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് കാത്തിരുന്ന യാത്രക്കാര്‍ക്ക് വിമാനം മൂന്ന് മണിക്കൂര്‍ വൈകും എന്ന അറിയിപ്പാണ് ലഭിച്ചത്. 12.30 ന് യാത്രക്കാരെ വിമാനത്തില്‍ കയറ്റി. തകരാര്‍ പരിഹരിച്ചില്ലെന്നും 15 മിനിറ്റ് താമസമുണ്ടെന്നും അടുത്ത അറിയിപ്പും നല്‍കി ജീവനക്കാര്‍ പോയി.
ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടും വിമാനം പോകാതെ വന്നതോടെ യാത്രക്കാര്‍ ബഹളം വച്ചു. തുടര്‍ന്ന് പൈലറ്റ് എത്തി വിമാനം റദ്ദാക്കുകയാണെന്നും വേണ്ടവര്‍ക്ക് പണം തിരിച്ചു നല്‍കാമെന്നും അറിയിച്ചു. ബദല്‍ സംവിധാനം ഒരുക്കാന്‍ ജീവനക്കാര്‍ക്ക് കഴിയാതെ വന്നതോടെ ബഹളം വര്‍ധിച്ചു. കോഴിക്കോടേക്ക് പോകുന്ന മറ്റ് വിമാനങ്ങളില്‍ സീറ്റ് ഒഴിവില്ലാത്തതിനാല്‍ യാത്രക്കാരും നിസഹായരായി.
വിസ കാലാവധി അവസാനിച്ചവര്‍ക്ക് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും കഴിഞ്ഞില്ല. മൂന്നരക്കാണ് ഭക്ഷണം നല്‍കിയത്. ഇതിനിടെ 100 ഓളം പേര്‍ പണം തിരികെ വാങ്ങി. ഇതിനെല്ലാം കൂടി രണ്ട് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇവര്‍ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. സാങ്കേതിക തകരാറാണ് കാരണമെന്നും പകരം സംവിധാനം ഏര്‍പ്പെടുത്തുമെന്നും പൊലീസ് അറിയിച്ചതോടെയാണ് യാത്രക്കാര്‍ ശാന്തരായത്. എന്നിട്ടും മൂന്ന് മണിക്ക് വാഗ്ദാനം ചെയ്ത താമസ സൗകര്യം പലര്‍ക്കും കിട്ടിയത് ആറ് മണിക്കാണെന്ന് ജബൽ അലിയിലെ ഐ.ടി കമ്പനി ജീവനക്കാരനും കൊയിലാണ്ടി സ്വദേശിയുമായ ഹിഷാം പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ വെള്ളിയാഴ്ച രാവിലെ 9.20 നും 11.20 നുമുള്ള വിമാനങ്ങളില്‍ യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചിലര്‍ക്ക് ദുബൈയില്‍ നിന്ന് യാത്ര ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.