ദുബൈ: ഒരുമാസം നീണ്ട ദുബൈ ഫിറ്റ്നസ് ചലഞ്ചിന് സമാപനം കുറിച്ച് ദുബൈ ശൈഖ് സായിദ് റോഡിൽ നടത്തിയ ദുബൈ റണ്ണിന് റെക്കോഡ് പങ്കാളിത്തം. രണ്ടേമുക്കാൽ ലക്ഷത്തിധികം പേരുടെ പങ്കാളിത്തവുമായാണ് ദുബൈ റൺ വീണ്ടും ചരിത്രം കുറിച്ചത്. മണിക്കൂറിൽ പതിനായിരക്കണക്കിന് വാഹനങ്ങൾ കടുന്നുപോകുന്ന ശൈഖ് സായിദ് റോഡ് ഞായറാഴ്ച അക്ഷരാർഥത്തിൽ ജനസാഗരമായി മാറി.
വ്യായാമത്തിന്റെ സന്ദേശം നൽകാൻ ഒരുമാസം നീണ്ടുനിന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിനും ഇതോടെ കൊടിയിറങ്ങി. വൻ സുരക്ഷ സന്നാഹങ്ങളാണ് ദുബൈ റണ്ണിനായി പൊലീസ് ഒരുക്കിയത്. ഞായറാഴ്ച പുലർച്ച നാലിന് ആരംഭിച്ച ദുബൈ റണ്ണിന്റെ അമരത്തുണ്ടായിരുന്നത് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമായിരുന്നു. പ്രമുഖ വ്യക്തികൾ ഭാഗമായി. കഴിഞ്ഞവർഷം രണ്ടരലക്ഷം പേരുമായി നടന്ന ദുബൈ റൺ ശ്രദ്ധനേടിയിരുന്നു.
പത്തു കിലോമീറ്റർ, അഞ്ചു കിലോമീറ്റർ എന്നിങ്ങനെ രണ്ട് റൂട്ടുകളാണ് ഒരുക്കിയത്. അഞ്ചു കിലോമീറ്റർ റൂട്ട് ശൈഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപത്തുനിന്ന് ആരംഭിച്ച് ദുബൈ മാളിനടുത്ത് അവസാനിച്ചു. മ്യൂസിയം ഓഫ് ഫ്യൂച്ചറിന് അടുത്തുനിന്ന് ആരംഭിക്കുന്ന പത്തു കിലോമീറ്റർ റൂട്ട് ദുബൈ കനാൽ ബ്രിഡ്ജ് കടന്ന് ഡി.ഐ.എഫ്.സി ഗേറ്റിനടുത്തും സമാപിക്കുന്ന തരത്തിലായിരുന്നു ക്രമീകരണം.
ദുബൈ റണ്ണിനായി പുലർച്ചമുതൽ സർവസജ്ജമായിരുന്നു നഗരം. പുലർച്ച മൂന്നുമുതൽ മെട്രോ സർവിസ് ആരംഭിച്ചു. അടിയന്തര മെഡിക്കൽ സൗകര്യം, വഴികാട്ടാനും സഹായത്തിനും വളണ്ടിയർമാർ അങ്ങനെ എല്ലാവിധ സൗകര്യങ്ങളും ശനിയാഴ്ച രാത്രിമുതൽ തന്നെ നഗരവീഥികളിൽ എത്തി. സുരക്ഷക്കായി ദുബൈ പൊലീസ് കൂടി അണിനിരന്നപ്പോൾ ഈ വർഷത്തെ ദുബൈ റണ്ണും ഏറ്റവും മികച്ചതായി മാറി. ദുബൈ റൺ എന്ന വിസ്മയത്തിന് സാക്ഷിയായി മാറുകയായിരുന്നു ദുബൈ എന്ന മഹാനഗരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.