ദുബൈ: ഇമാറാത്തി ശിശുദിനത്തിൽ 10 വയസ്സുകാരന്റെ സ്വപ്നം സാക്ഷാത്കരിച്ച് ദുബൈ. എമിഗ്രേഷൻ ഉദ്യോഗസ്ഥനാകണമെന്ന ഉമർ സഊദ് അൽ മാലിഹിന്റെ ആഗ്രഹമാണ് ഉദ്യോഗസ്ഥർ സഫലമാക്കിയത്. കഴിഞ്ഞ ദിവസം ദുബൈ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥനായി ഒരു ദിവസം പ്രവർത്തിക്കാനുള്ള അവസരം ജി.ഡി.ആർ.എഫ് നൽകുകയായിരുന്നു. യൂണിഫോം അണിയിച്ച് ഉദ്യോഗസ്ഥർ ഒമറിനെ വിമാനത്താവളത്തിലെ കുട്ടികളുടെ പാസ്പോർട്ട് കൗണ്ടറിൽ നിയോഗിച്ചു.
കുട്ടികളുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് പതിക്കുന്നത് അടക്കമുള്ള നടപടികൾ ഒരു എമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ ഉമർ നിർവഹിച്ചു. വിവിധ പരിപാടികളോടെയാണ് ഇമറാത്തി ബാലദിനത്തെ യു.എ.ഇ വരവേറ്റത്. സുസ്ഥിര പരിസ്ഥിതി അവകാശമാണ് എന്നതായിരുന്നു ഈവർഷത്തെ ആഘോഷത്തിന്റെ സന്ദേശം. രാഷ്ട്രമാതാവ് ശൈഖ് ഫാത്തിമയുടെ നിർദേശപ്രകാരമാണ് ഇത്തരമൊരു ആഘോഷത്തിന് രാജ്യം 2016 മാർച്ച് 15 ന് തുടക്കം കുറിച്ചത്.
കുട്ടികളുടെ ഭാവിയും അവരുടെ അവകാശങ്ങളും മുന്നിൽ കണ്ടുള്ള വികസനമാണ് യു.എ.ഇയുടെ ലക്ഷ്യമെന്ന് യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ശിശുദിനാശംസകളിൽ പറഞ്ഞു. ആഘോഷത്തിന്റെ ഭാഗമായി അൽഐൻ മൃഗശാലയിൽ ഇന്ന് കുട്ടികൾക്ക് സൗജന്യ പ്രവേശനം പ്രഖ്യാപിച്ചു. കുട്ടികൾക്കും മാതാക്കൾക്കും വേണ്ടിയുള്ള സുപ്രീം കൗൺസിൽ കേന്ദ്രം സന്ദർശിച്ചാണ് അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ശിശുദിനം ആഘോഷിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.