ദുബൈ: ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂർ മുറിവഴിക്കൽ യാക്കൂബ് അബ്ദുല്ലയുടെ മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക് കൊണ്ട് പോകും. രാത്രി 10 മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് ഷാർജ വഴി കോഴിക്കോട്ടേക്ക് കൊണ്ട് പോകുന്നത്.
ദുബൈ കറാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിംഗിലാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ടു പേര്‍ മരണപ്പെടുകയും ഒമ്പത് പേർക്ക് പൊള്ളലേല്‍ക്കുകയും ചെയ്തത് . യാക്കൂബിനെ കൂടാതെ കണ്ണൂർ സ്വദേശി നിധിൻ ദാസ് എന്ന യുവാവും മരണത്തിനു കീഴടങ്ങി. മൂന്നു പേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
യു.എ.ഇയിലെ നിയമസ്ഥാപനമായ യാബ് ലീഗൽ സർവീസസിന്റെ സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യ പ്രവർത്തകൻ നിഹാസ് ഹാഷിം, എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കെത്തിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ചു. ദുബൈ ഹെൽത്ത് ഡിപ്പാർട്മെന്റ് സ്റ്റാഫ് അംഗങ്ങൾ കൂടിയായ അബ്ദുറഹ്‌മാന്‍, മുഹമ്മദ് ഫൈസല്‍, മറ്റു ബന്ധുക്കൾ കൂടി സഹായത്തിനായി ഉണ്ടായിരുന്നു. യാക്കൂബിന്റെ മൃതദേഹം ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് ദുബൈ മുഹൈസിന എമ്പാമിംഗ് സെന്ററിൽ പൊതുദർശനത്തിന് വെക്കുമെന്ന് എന്ന് ബന്ധുക്കൾ അറിയിച്ചു.
നിധിൻ ദാസിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.