സബ് ജില്ല, ജില്ല, സംസ്ഥാന സ്കൂൾ കായികമേളകൾ കേരളത്തിൽ സജീവമാണ്. നാട്ടിലെ കായിക താരങ്ങളെ വളർത്തിയെടുക്കുന്നതിലും കുട്ടികളിൽ കായിക സംസ്കാരം പിറവിയെടുക്കുന്നതിനും ഈ മേളകൾ നൽകുന്ന പിന്തുണ ചെറുതല്ല. ഇന്ത്യക്ക് നിരവധി കായിക താരങ്ങളെ സമ്മാനിച്ചത് ഈ കായികമേളകളാണ്. സ്കൂളുകൾ തമ്മിൽ കിരീടത്തിനായി മത്സരിക്കുന്ന കാഴ്ചയും മനോഹരമാണ്.
എന്നാൽ, ഗൾഫ് രാജ്യങ്ങളിൽ ഇത്തരം മേളകൾ കുറവാണ്. വിദ്യാർഥികൾക്ക് കുട്ടിക്കാലം മുതൽ സ്പോർട്സിൽ പ്രോൽസാഹനം നൽകുന്നുണ്ടെങ്കിലും യു.എ.ഇയിൽ സ്കൂളുകൾ തമ്മിലുള്ള പോരാട്ടം നടന്നിരുന്നില്ല. ഈ വിടവ് നികത്താൻ രണ്ട് വർഷം മുൻപ് ആരംഭിച്ച ദുബൈ സ്കൂൾ ഗെയിംസിന് ആവേശകരമായ സ്വീകരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആദ്യമായി ദുബൈയിലെ എല്ലാ സ്വകാര്യ, സർക്കാർ സ്കൂളുകളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന സ്കൂൾ ഗെയിംസിന്. നാട്ടിലേത് പോലെ കേവലം ഗ്രൗണ്ട് മത്സരങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല ദുബൈയിലെ ഗെയിംസ്. റഗ്ബി, നെറ്റ്ബാൾ, സൈക്ലിങ്, ടെന്നിസ്, ജിംനാസ്റ്റിക്സ്, ചെസ്, അമ്പെയ്ത്ത്, ബാസ്ക്കറ്റ്ബാൾ, നീന്തൽ, ടെന്നിസ്, ഗോൾഫ്, ബാഡ്മിന്‍റൺ തുടങ്ങിയ മത്സരങ്ങളും നടക്കുന്നുണ്ട്.
ദുബൈ സ്പോർട്സ് കൗൺസിലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ടൂർണമെന്‍റിൽ 220 സ്കൂളുകളിലെ 5000ഓളം വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. രജിസ്ട്രേഷൻ സൗജന്യമാണ്. 90 ദിവസങ്ങളിലായി 22 കായിക ഇനങ്ങൾ അരങ്ങേറുന്നു. പഠനത്തെ ബാധിക്കാതിരിക്കാൻ വിവിധ ദിനങ്ങളിലായാണ് മത്സരം. ക്രിക്കറ്റ്, ഫുട്ബാൾ, ഓട്ടം, ചാട്ടം ഉൾപെടെ സകല മത്സരങ്ങളിലും കുട്ടികൾ മാറ്റുരക്കുന്നു. ദുബൈയിലെ വിവിധ മൈതാനങ്ങളിലാണ് മത്സരം.
കഴിഞ്ഞയാഴ്ച തുടങ്ങിയ ഫുട്ബാൾ 26ന് അവസാനിക്കും. 35 സ്കൂളുകളിലെ 1500ഓളം വിദ്യാർഥികൾ ഫുട്ബാളിൽ പന്തുതട്ടുന്നുണ്ട്. 126 ടീമുകളാണ് ഏറ്റുമുട്ടുന്നത്. എട്ട് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. ആൺകുട്ടികൾക്ക് അണ്ടർ 10, 11, 12, 13, 14, 15 കാറ്റഗറിയിലും പെൺകുട്ടികൾക്ക് അണ്ടർ 13, 15 വിഭാഗങ്ങളിലുമാണ് മത്സരം. ക്രിക്കറ്റ് മത്സരം ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ നടക്കും. ഫെബ്രുവരി 20, 21 തീയതികളിലാണ് അത്ലറ്റിക്സ് മത്സരങ്ങൾ നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.