ദുബൈ: ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ഖുർആൻ വിജ്ഞാന പരിപാടിയായി പേരെടുത്ത ദുബൈ അന്താരാഷ്ട്ര ഹോളി ഖുർആൻ അവാർഡിെൻറ 22ാം പതിപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ രക്ഷകർതൃത്വത്തിൽ ഒരുക്കുന്ന പരിപാടി ഇക്കുറി സായിദ് വർഷം പ്രമാണിച്ച് കൂടുതൽ മികവുറ്റതാക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. ഇസ്ലാമിക അധ്യാപനങ്ങളും ജീവകാരുണ്യ ശീലങ്ങളും ലോകമെങ്ങും വ്യാപിപ്പിക്കാൻ പ്രയത്നിച്ച ശൈഖ് സായിദിെൻറ ജൻമശതാബ്ദി വർഷത്തിലെ പരിപാടിക്ക് പ്രാധാന്യം ഏറെയാണെന്ന് ദുബൈ ഭരണാധികാരിയുടെ സാംസ്കാരിക ഉപദേഷ്ടാവും ദിഹ്ഖ മേധാവിയുമായ ഇബ്രാഹിം മുഹമ്മദ് ബുമിൽഹ ചൂണ്ടിക്കാട്ടി. അവാർഡിെൻറ മൂന്നാം വർഷത്തിൽ ഇസ്ലാമിക വ്യക്തിത്വ പുരസ്കാരം നൽകിയത് ശൈഖ് സായിദിനായിരുന്നു. 104 രാജ്യങ്ങളിൽ നിന്നാണ് ഖുർആൻ അവാർഡിനായി മത്സരാർഥികൾ എത്തുക.
ലോകത്ത് ഏറ്റവുമധികം ഹാഫിസുകൾ അണിനിരക്കുന്ന പരിപാടിയാവും ഇൗ വർഷം. റമദാൻ ഒന്നു മുതൽ വൈവിധ്യമാർന്ന വിജ്ഞാന പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും ശ്രദ്ധേയരായ വിധികർത്താക്കളാവും മത്സരം നിയന്ത്രിക്കുകയെന്ന് സംഘാടക സമിതി ഉപാധ്യക്ഷൻ ഡോ. സഇൗദ് ഹരീബ് വ്യക്തമാക്കി.
ദുബൈ ചേംബർ ഒഫ് കൊമേഴ്സ് ഹാൾ, അൽ വാസൽ സ്പോർട്സ് ക്ലബ് എന്നിവിടങ്ങൾക്ക് പുറമെ സ്ത്രീകൾക്ക് മാത്രമായി ദുബൈ വിമൻസ് അസോസിയേഷൻ ഹാളിലും പ്രഭാഷണങ്ങൾ ഒരുക്കും. എം.എം.അക്ബർ, ഹുസൈൻ സലഫി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി,നൗഫൽ സഖാഫി കളസ, ഇബ്രാഹിം ഖലീൽ ഹുദവി തുടങ്ങിയ പണ്ഡിതരുടെ പ്രഭാഷണങ്ങളുമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.