ദുബൈ: ഡ്രൈവറില്ലാ വാഹനങ്ങളിൽ വിപ്ലവകരമായ കണ്ടെത്തലുകൾ നടത്തുന്ന ദുബൈ പുതിയ പരീക്ഷണവുമായി രംഗത്ത്. ഇത്തവണ നിരത്തിലിറക്കുന്നത് ഡ്രൈവറില്ലാ ട്രക്കുകളാണ്. ദുബൈയുടെ നിരത്തുകളിൽ കാർഗോയുമായി ഭാവിയിൽ ഇത്തരം വാഹനങ്ങൾ പായുന്നത് കാണാം.ഈ ശ്രേണിയിലെ ആദ്യ വാഹനത്തിന്റെ പരീക്ഷണം ദുബൈയിൽ തുടങ്ങി. ലോകത്തിലെ ഏറ്റവും മികച്ച സ്മാർട്ട് മൊബിലിറ്റി ഹബ്ബാകുക എന്ന ദുബൈയുടെ ലക്ഷ്യത്തിലേക്കുള്ള കുതിപ്പിന്റെ ഭാഗമായാണ് ഡ്രൈവറില്ലാ ട്രക്കും ഇറക്കുന്നത്. ഇത് സംബന്ധിച്ച കരാറിൽ ദുബൈ സൗത്തും ഇവോകാർഗോയും ഒപ്പുവെച്ചു. വ്യോമയാനം, റിയൽ എസ്റ്റേറ്റ്, ലോജിസ്റ്റിക്സ് എന്നിവയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്ന മേഖലയാണ് ദുബൈ സൗത്ത്.
സ്വയം പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹനങ്ങൾ വികസിപ്പിക്കുന്ന ലോജിസ്റ്റിക് സ്ഥാപനമാണ് ഇവോ കാർഗോ. ട്രക്കിന് രണ്ടു ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടാകും. 40 മിനിറ്റ് മുതൽ ആറു മണിക്കൂർ വരെ ചാർജ് ചെയ്താൽ ഒരു ദിവസം ഉപയോഗിക്കാനുള്ള വൈദ്യുതി ചാർജ് ലഭിക്കും.അടുത്തവർഷം ഫെബ്രുവരി വരെ പരീക്ഷണയോട്ടം നടത്തും. ദുബൈ സൗത്ത് ലോജിസ്റ്റിക് ഡിസ്ട്രിക്ടിന്റെ കൺട്രോൾ സെന്ററായിരിക്കും ഈ കാലയളവിൽ വാഹനം നിയന്ത്രിക്കുക. വാഹനത്തിന്റെ ക്ഷമത പരീക്ഷിക്കുക, തകരാറുകളും കുറ്റങ്ങളും കണ്ടെത്തുക തുടങ്ങിയവയാണ് പരീക്ഷണത്തിന്റെ ലക്ഷ്യം. നഗരത്തിൽ കാർബൺ ബഹിർഗമനം കുറക്കുക, പരിസ്ഥിതി സംരക്ഷണ നയത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങൾ കൂടി മുൻനിർത്തിയാണ് ഡ്രൈവറില്ലാ വാഹനങ്ങൾ രംഗത്തിറക്കുന്നത്.
എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്വയം നിയന്ത്രിത വാഹനങ്ങൾ ഏർപ്പെടുത്താനാണ് തീരുമാനം. ദുബൈ മെട്രോ, ട്രാം, ബസ്, ടാക്സി, ജലഗതാഗതം, കേബിൾ കാർ എന്നിവയിലെല്ലാം ഈ സംവിധാനം നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഇത് പൂർത്തിയാകുന്നതോടെ ഗതാഗത ചെലവ് 44 ശതമാനം കുറയും. ഇതുവഴി 900 ദശലക്ഷം ദിർഹമിന്റെ ചെലവ് കുറയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.