അജ്മാന്: വിശ്വാസികള്‍ക്ക് ശാന്തമായ അന്തരീക്ഷത്തില്‍ പ്രാര്‍ഥനാ മുകരിതമായ അകവും നയന മനോഹരമായ പുറം ചുമരുകളും ഒരുക്കി ശ്രദ്ധേയമാവുകയാണ് അജ്മാനിലെ ഒരു പള്ളി. റമദാനിലെ ഭക്തിസാന്ദ്രമായ രാവുകളെ സമ്പുഷ്ടമാക്കുന്നതിന് വലിയൊരു വിഭാഗം വിശ്വാസികള്‍ ഇവിടെയെത്തി മടങ്ങുന്നത് അകവും പുറവും നിറഞ്ഞ സംതൃപ്തിയോടെ തന്നെ. അജ്മാന്-ഉമ്മുല്‍ ഖുവൈന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ശൈഖ് സായിദ് മസ്ജിദിന് എതിര്‍വശത്തെ ആമിന ബിന്ത് അഹ്മദ് അല്‍ ഗുറൈര്‍ മസ്ജിദാണ് വ്യത്യസ്തകളാല് വിശ്വാസി സമൂഹത്തെ മാടിവിളിക്കുന്നത്.
പുറം ചുമരുകളില്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ദീപാലങ്കാരം കിലോമീറ്ററുകള്‍ അകലങ്ങളിലേക്കുതന്നെ മനോഹര ദൃശ്യവിരുന്നൊരുക്കുന്നുണ്ട്. അകത്തളങ്ങളില്‍ പ്രവേശിച്ചാല്‍ നിർമാണ ചാരുതയുടെ വശ്യത. പ്രാർഥനക്ക് തയാറായാല്‍ ശ്രവണ സുന്ദരമായ വിശുദ്ധ ഖുര്‍ആന്‍ പാരായണവും പ്രാര്‍ഥനകളും. റമദാനിലെ രാത്രി നമസ്കാരങ്ങളെ ഹൃദ്യമാക്കാന്‍ വ്യത്യസ്ത ദിനങ്ങളില്‍ പ്രഗത്ഭരായ പണ്ഡിത ശ്രേണിയുടെ മഹനീയ സാന്നിധ്യവും. നിരവധി പ്രമുഖരായ പണ്ഡിതര്‍ റമദാനിലെ അവസാനത്തെ പത്തില്‍ ഈ പള്ളിയിലെ രാത്രി നമസ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. ചില ദിനങ്ങളില്‍ ഖിയാമുല്‍ ലൈല് പ്രാർഥനക്ക് നേതൃത്വം നൽകുന്നത് പ്രമുഖ ഖാരിഅ്മാരായ ശൈഖ് മിഷാരി അൽ അഫാസിയും ഹസ്സ അല്‍ ബാലൂഷിയുമാണ്.
തറാവീഹ്, ഖിയാമുലൈല്‍ പ്രാര്‍ഥനകള്‍ക്ക് നേതൃത്വം നല്കാന് ഇസ്ലാമിക ലോകത്തെ പ്രശസ്തരായ പാരായണക്കാരുടെ ഒരുനിര തന്നെയുണ്ട്.പ്രശസ്ത പണ്ഡിതരായ ശൈഖ് ഇസ്ലാം സോബി, സയീദ് അബ്ദുല്ല അൽ ഖത്തീബ്, വാദിഹ് അൽ യമാനി, ഫഹദ് വാസിൽ അൽ മുതൈരി, ഹസ്സ അൽ ബലൂഷി തുടങ്ങിയ നിരവധി പ്രമുഖരുടെ സാന്നിധ്യം ഈ പള്ളിയെ അനുഗൃഹീതമാക്കുന്നു. വ്യത്യസ്ത ദിനങ്ങളില്‍ രാത്രി പ്രാർഥനക്ക് നേതൃത്വം നല്കുന്ന പ്രമുഖ പണ്ഡിതന്മാരുടെ പേരുകള്‍ രേഖപ്പെടുത്തിയ ഫലകം ഈ പള്ളിയുടെ കവാടത്തില്ത്ത ന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ചില രാത്രികളില്‍ പ്രഗത്ഭ പണ്ഡിതന്മാരുടെ സാന്നിധ്യത്താല്‍ 15,000 സ്ക്വയര്‍ മീറ്റര്‍ വിശാല വിസ്തൃതമായ ഈ പള്ളിയും മുറ്റവും നിറഞ്ഞുകവിഞ്ഞു. ദൂരെ ദിക്കുകളില്‍ നിന്നുപോലും ഇവിടം ലക്ഷ്യമാക്കി കുടുംബവുമായി എത്തുന്നവര്‍ നിരവധിയാണ്. പുണ്യം തേടി പ്രാർഥനക്കെത്തുന്നവര്‍ക്ക് നിറഞ്ഞ സംതൃപ്തി പ്രദാനം ചെയ്തുകൊണ്ടാണ് ഈ പരിസരം വിശ്വാസിയെ യാത്രയാക്കുന്നത്. റമദാനുപിന്നാലെ പെരുന്നാളിനെയും വരവേൽക്കാൻ അണിഞ്ഞൊരുക്കിയിരിക്കുകയാണ് ഈ പള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.