ദുബൈ: രാജ്യത്തെ വിശ്വാസി സമൂഹത്തിന് ചെറിയ പെരുന്നാൾ ആശംസകൾ നേർന്ന് യു.എ.ഇയിലെ ഭരണാധികാരികൾ. അബൂദബി ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്ത പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എക്സിലൂടെയാണ് ആശംസ നേർന്നത്.
എന്റെ സഹോദരങ്ങൾ, എമിറേറ്റുകളിലെ ഭരണാധികാരികൾ, യു.എ.ഇയിലെ ജനങ്ങൾ, ലോകത്തുടനീളമുള്ള മുസ്ലിംകൾ എല്ലാവരെയും അഭിനന്ദിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു. എല്ലാവർക്കും സമാധാനത്തിനും അനുഗ്രഹത്തിനും അഭിവൃദ്ധിക്കും വേണ്ടി നമുക്കൊരുമിച്ച് ദൈവത്തോട് പ്രാർഥിക്കാമെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
വൈസ് പ്രസിഡന്റും ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ് യാൻ, അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ആൽ നഹ്യാൻ എന്നിവരും അദ്ദേഹത്തോടൊപ്പം ആരാധനകളിൽ പങ്കെടുത്തിരുന്നു. തുടർന്ന് വിശ്വാസികൾക്ക് ആശംസകൾ കൈമാറി.
യു.എ.ഇയിലേയും എല്ലാ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളിലേയും ജനങ്ങൾക്ക് എല്ലാ വർഷവും ക്ഷേമവും സുരക്ഷിതവും സമൃദ്ധിയും നിറഞ്ഞതാകട്ടെ എന്ന് ആശംസിക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പറഞ്ഞു.
നല്ല നാളെയെ കുറിച്ചുള്ള നമ്മുടെ പ്രതീക്ഷകൾ എല്ലാ വർഷവും പുതുക്കപ്പെടട്ടെ. എല്ലാ വർഷവും എല്ലാ മുസ്ലിംകൾക്കും സന്തോഷത്തിന്റെയും സമാധാനത്തിന്റേതുമാകട്ടെ എന്നും അദ്ദേഹം എക്സിൽ കുറിച്ചു. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാനും എക്സിലൂടെ രാഷ്ട്രനേതാക്കൾക്കും ജനങ്ങൾക്കും ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.