ഇത്തിഹാദ്​ റെയിൽ പാസഞ്ചര്‍ സർവീസ്​; 1.99 ബില്യന്‍ ദിര്‍ഹമിന്‍റെ കരാറായി

അബൂദബി: പാസഞ്ചര്‍ റെയില്‍വേ ഗതാഗത സേവനങ്ങള്‍ക്കായി നിക്ഷേപമിറക്കാന്‍ ഇത്തിഹാദ് റെയില്‍വേ ഫസ്റ്റ് അബൂദബി ബാങ്കുമായി 1.99 ബില്യന്‍ ദിര്‍ഹമിന്‍റെ കരാറൊപ്പിട്ടു. രാജ്യത്തെ ബൃഹത്ത് കര ഗതാഗത സംവിധാനമായ യു.എ.ഇ നാഷനല്‍ റെയില്‍വേസ് പദ്ധതിയുടെ ഭാഗമായാണ് കരാര്‍. യു.എ.ഇയുടെ പൊതുഗതാഗത സംവിധാനത്തിന് കരുത്തുപകരുന്നതാവും പദ്ധതിയെന്ന് ഇത്തിഹാദ് റെയില്‍ ചീഫ് എക്‌സിക്യൂട്ടിവ് ഷാദി മലാക്ക് പറഞ്ഞു.

2021 ഡിസംബറിലായിരുന്നു യു.എ.ഇ സര്‍ക്കാര്‍ പാസഞ്ചര്‍ ട്രെയിന്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. 2030ഓടെ ഹെവി ഗുഡ്‌സ് സേവനങ്ങള്‍ മുതല്‍ യാത്രാ തീവണ്ടി സര്‍വീസുകള്‍ വരെയായി തങ്ങളുടെ സേവനങ്ങള്‍ വിപുലപ്പെടുത്തുമെന്ന് ഇത്തിഹാദ് റെയില്‍ അന്ന് വ്യക്തമാക്കിയിരുന്നു.

അബൂദബിയില്‍ നിന്ന് ദുബൈയിലേക്ക് 50 മിനിറ്റ് കൊണ്ടും അബൂദബിയില്‍ നിന്ന് ഫുജൈറയിലേക്ക് 100 മിനിറ്റ് കൊണ്ടും എത്തുന്ന രീതിയില്‍ യാത്ര സാധ്യമാക്കുന്ന പദ്ധതിക്ക് 200 ബില്യന്‍ ദിര്‍ഹം വകയിരുത്തിയതായും ഇത്തിഹാദ് റെയില്‍ നേരത്തേ അറിയിച്ചിരുന്നു.

യു.എ.ഇയുടെ പടിഞ്ഞാറ് അല്‍സിലയില്‍ നിന്നു തുടങ്ങി വടക്ക് ഫുജൈറ വരെ എത്തിനില്‍ക്കുന്ന റെയില്‍ശൃംഖല 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും. 2030ഓടെ ഇവയിലൂടെ 36.5 ദശലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്നുവെന്നും ഇത്തിഹാദ് റെയില്‍ അധികൃതര്‍ പറയുകണ്ടായി.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയുന്ന ട്രെയിനിന് 400 പേരെയാണ് ഉള്‍ക്കൊള്ളാന്‍ കഴിയുക. ട്രെയിന്‍ സര്‍വീസ് എന്നു മുതലാണ് തുടങ്ങുകയെന്നത്​ അധികൃതര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Tags:    
News Summary - Etihad Rail Passenger Service; The contract was worth 1.99 billion dirhams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.