അബൂദബി: പ്രവാസികൾ ഇന്ത്യയുടെ അഭിമാനമാണെന്നും യു.എ.ഇ എനിക്ക് പരമോന്നത സിവിലിയൻ അവാർഡ് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അബൂദബി സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ‘അഹ്ലൻ മോദി’ പരിപാടിയിൽ പ്രവാസിസമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭാരതം നിങ്ങളിൽ അഭിമാനിക്കുന്നു എന്ന 140 കോടി ജനങ്ങളുടെ സന്ദേശം കൈമാറാൻ ആഗ്രഹിക്കുന്നു. യു.എ.ഇ പരമോന്നത സിവിലിയൻ അവാർഡ് നൽകിയത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ഈ ബഹുമതി എന്റേതു മാത്രമല്ല, കോടിക്കണക്കിന് ഇന്ത്യക്കാരുടേതാണ്. എന്റെ കുടുംബാംഗങ്ങളെ കാണാനാണ് ഞാനിവിടെ വന്നത്. ഇന്ത്യൻ പ്രവാസികൾക്കു നൽകിയ സഹായത്തിന് യു.എ.ഇ പ്രസിഡന്റിന് നന്ദി പറയുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു. ‘അഹ്ലൻ മോദി’ പരിപാടിയിൽ പങ്കെടുക്കാനായി രാവിലെ മുതൽ യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്ന് ആയിരക്കണക്കിനാളുകൾ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു.
വിവിധ കല, സംഗീത പരിപാടികൾ ഉച്ച മുതൽ പ്രതിനിധികൾക്കായി അരങ്ങേറി. വൈകുന്നേരം ആറു മണിക്കുശേഷം യു.എ.ഇ സഹിഷ്ണുതാ സഹവർത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ആൽ നഹ്യാൻ, അന്താരാഷ്ട്ര സഹകരണ വകുപ്പ് സഹമന്ത്രി റീം അൽ ഹാശിമി എന്നിവർക്കൊപ്പമാണ് മോദി സ്റ്റേഡിയത്തിൽ എത്തിച്ചേർന്നത്.
തുടർന്ന് ഇരു രാജ്യങ്ങളുടെയും ദേശീയഗാനത്തിനുശേഷമാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ‘നമസ്കാർ’ എന്ന് അഭിവാദ്യം ചെയ്തു തുടങ്ങിയ അദ്ദേഹം ഇന്ത്യ-യു.എ.ഇ സൗഹൃദം നീണാൾ വാഴട്ടെ എന്ന് പ്രഖ്യാപിക്കുന്നതായി പറഞ്ഞു.അബൂദബിയിൽ ഒരു ക്ഷേത്രം പണിയാനുള്ള നിർദേശം ഞാൻ 2015ൽ ശൈഖ് മുഹമ്മദ് ബിൻ സായിദിന് മുന്നിൽ അവതരിപ്പിച്ചപ്പോൾ അദ്ദേഹം ഉടൻതന്നെ അക്കാര്യം അംഗീകരിച്ചു.ഇപ്പോൾ ആ മഹത്തായ ക്ഷേത്രം ഉദ്ഘാടനം ചെയ്യാനുള്ള സമയമാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, പ്രഭാഷണത്തിൽ അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിലേക്കും മോദി സൂചന നൽകി. മൂന്നാമത് അധികാരത്തിലെത്തിയാൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്നത് ‘മോദി ഗാരന്റി’യാണെന്നായിരുന്നു പ്രഖ്യാപനം. അതേസമയം, പ്രവാസി ഇന്ത്യക്കാർക്കായി പ്രഭാഷണത്തിൽ പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല. 25,000ത്തിലേറെ പേർ സായിദ് സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ പരിപാടിക്കെത്തിയതായാണ് കണക്കാക്കപ്പെടുന്നത്. കേരളത്തിൽനിന്ന് ബി.ജെ.പി നേതാക്കളായ സുരേഷ് ഗോപി എം.പി, എ.എൻ. രാധാകൃഷ്ണൻ എന്നിവരും ചടങ്ങിനെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.