പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കാൻ കമ്പനി പി.ആർ.ഒ വഴി അപേക്ഷ നൽകാം

അബൂദബി: യു.എ.ഇയിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർക്ക് പാസ്പോർട്ട് പുതുക്കാനും മറ്റുമുള്ള അപേക്ഷകൾ ബി.എൽ.എസ് സെൻററുകളിൽ സമർപ്പിക്കാനുള്ള അധികാരം കമ്പനി പബ്ലിക് റിലേഷൻ ഓഫിസർമാർക്കുകൂടി (പി.ആർ.ഒ) നൽകുന്നു.അബൂദബി എമിറേറ്റിലെ അൽ റുവൈസ് ഉൾപ്പെടെയുള്ള വിദൂര പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് പകർച്ചവ്യാധിമൂലം അബൂദബിയിലെ ബി.എൽ.എസ് കേന്ദ്രത്തിൽ പാസ്‌പോർട്ട് പുതുക്കുന്നതിന് എത്തിച്ചേരാനാവാത്ത സാഹചര്യത്തിലാണ് എംബസിയുടെ പുതിയ നടപടി.

അപേക്ഷകൾ നേരിട്ട് സമർപ്പിക്കാനുള്ള പ്രയാസവും പ്രതിസന്ധിയും പരിഗണിച്ചാണ് കമ്പനി പബ്ലിക് റിലേഷൻ ഓഫിസർമാർ വഴി പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള അംഗീകാരം ഇന്ത്യൻ സ്ഥാനപതി കാര്യാലയം നൽകിയത്.കോവിഡ് പകർച്ചവ്യാധിയെ തുടർന്ന് 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർ നേരിട്ട് ബി.എൽ.എസ് കേന്ദ്രത്തിൽ എത്തുന്നത് നേരത്തെ ഒഴിവാക്കിയിരുന്നു. ബി.എൽ.എസ് കേന്ദ്രങ്ങളിലെ തിരക്കൊഴിവാക്കാനും മതിയായ സാമൂഹിക അകലം പാലിച്ച് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക വിഭാഗത്തിന് ഈ സൗകര്യം നൽകിയത്.

എന്നാൽ, നിലവിലെ പ്രത്യേക സാഹചര്യത്തിൽ എല്ലാ വിഭാഗം ജീവനക്കാരുടെയും പാസ്പോർട്ട് പുതുക്കുന്നതിനുള്ള അപേക്ഷകൾ അവരുടെ കമ്പനി പി.ആർ.ഒ വഴി സമർപ്പിക്കാനുള്ള തീരുമാനം എടുത്തത് സുരക്ഷ മുൻനിർത്തിയാണ്. തൊഴിൽ ഉടമ, സീനിയർ മാനേജ്മെൻറ്, സി.ഇ.ഒ, എം.ഡി മുതലായവർ അധികാരപ്പെടുത്തി പി.ആർ.ഒ ജോലി ചെയ്യുന്നവർക്ക് അടുത്തുള്ള ബി.എൽ.എസ് സെൻററിൽ കമ്പനി ജീവനക്കാരുടെ അപേക്ഷകൾ സമർപ്പിക്കാം.

സമർപ്പിക്കാനുള്ള നടപടിക്രമങ്ങൾ

അപേക്ഷകൾ സമർപ്പിക്കാൻ കമ്പനി പി.ആർ.ഒ ആയി അധികാരപ്പെടുത്തിയതാണെന്നു കാണിക്കുന്ന ഔദ്യോഗിക കത്ത് ബന്ധപ്പെട്ട തൊഴിലുടമയോ കമ്പനിയോ എംബസിക്ക് നൽകണം.

വ്യക്തിഗത പാസ്പോർട്ട് അപേക്ഷ സമർപ്പിക്കാൻ പി.ആർ.ഒയെ ചുമതലപ്പെടുത്തി അപേക്ഷ സമർപ്പിക്കുന്നത് അംഗീകരിക്കുന്നതായി കാണിക്കുന്ന ഒരു കത്ത് ജീവനക്കാരനും നൽകണം.

പി.ആർ.ഒ ആണെന്നു വ്യക്തമാക്കുന്ന യോഗ്യത പത്രങ്ങളോ തിരിച്ചറിയൽ കാർഡോ പ്രമാണങ്ങളോ അപേക്ഷ സമർപ്പിക്കുന്ന വേളയിൽ കാണിക്കണം.

പാസ്പോർട്ട് അപേക്ഷകൾ സ്വീകരിക്കുന്നതിന് ആവശ്യമായ രേഖകളും ആവശ്യമായ ഫീസ്​ പണമായും ബി.എൽ.എസ് കേന്ദ്രത്തിലെ കൗണ്ടറിൽ അടക്കണം. പുതിയതും റദ്ദാക്കിയ പഴയ പാസ്പോർട്ടുകളും വ്യക്തിപരമായി അപേക്ഷകനോ പി.ആർ.ഒക്കോ ശേഖരിക്കുന്നതിനുള്ള ഓപ്ഷനും അപേക്ഷയിൽ തിരഞ്ഞെടുക്കാം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.