അബൂദബി: വാരാന്ത്യ അവധിയില്‍ വന്നെത്തിയ തിരുവോണനാള്‍ ആഘോഷമാക്കുകയാണ് പ്രവാസികള്‍. ശനിയാഴ്ച ജോലിയുള്ളവരും ഇല്ലാത്തവരും തങ്ങളുടെ ഒഴിവ് സമയത്തിന് അനുസരിച്ചുള്ള ഉത്രാടപ്പാച്ചിലുകള് നടത്തിയാണ് ഇന്നത്തെ തിരുവോണത്തെ വരവേറ്റത്. മിക്ക എമിറേറ്റുകളിലും പ്രവാസി സംഘടനകളുടെയും മറ്റു പ്രാദേശിക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ദിവസം മുഴുവന്‍ നീളുന്ന വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. ഇതില്‍ പ്രധാനം തിരുവോണ സദ്യതന്നെ.
മലയാളികളുടെ ഓണാഘോഷം മുന്നില്‍ക്കണ്ട് ദിവസങ്ങള്‍ക്കു മുമ്പുതന്നെ റസ്റ്റാറന്റുകളും കാറ്ററിങ് കമ്പനികളുമെല്ലാം വിവിധ പേരുകളില്‍ ഓണസദ്യകളും വ്യത്യസ്തമായ വിഭവങ്ങളുമായി തയാറാണ്. സൗഹൃദ വലയങ്ങളില്‍ കുടുംബങ്ങളില്‍തന്നെ ഓരോ വിഭവങ്ങള്‍ തയാറാക്കി ഒരുമിച്ചൊരിടത്ത് കൂടി ആഘോഷിക്കുന്നതും പ്രവാസികളുടെ പ്രത്യേക ഓണാഘോഷമാണ്.
ബാച്ച്ലേഴ്സ് റൂമുകളിലെ ആഘോഷങ്ങള്‍ മറ്റൊരു ‘ലെവലും’ വേറൊരു വൈബുമാണ്. മാവേലി മന്നന്മാര്ക്കും ഇന്ന് തിരക്കോട് തിരക്കാണ്. മാവേലിയായി എല്ലാ കൊല്ലവും വേഷം കെട്ടുന്നവര്‍ കൃത്യമായി തയാറായി വന്നിട്ടുണ്ടാവും. ഓരോ വര്‍ഷം കഴിയുന്തോറും മാവേലിമാരുടെ ഡിമാൻഡ് കൂടിവരുന്നുമുണ്ട്. റസ്റ്റാറന്റുകളും സൂപ്പര്‍ മാര്‍ക്കറ്റുകളുമെല്ലാം മാവേലിമാരെ നിര്‍ത്തിയാണ് കസ്റ്റമേഴ്സിനെ വരവേല്‍ക്കുന്നത്.
ഒപ്പം ചെറുതും വലുതുമായ ഓണാഘോഷത്തിനും മാവേലിതന്നെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. തിരുവോണത്തോടെ അവസാനിക്കുന്നതല്ല പ്രവാസികളുടെ ഓണാഘോഷങ്ങള്‍. ഇക്കുറി നബിദിനാഘോഷങ്ങളും ഓണാഘോഷങ്ങളും ഒരുമിച്ചുവരുന്നു എന്ന പ്രത്യേകതയുമുണ്ട്. കൂടാതെ നവരാത്രി, ദീപാവലി, ക്രിസ്മസ്, ന്യൂ ഇയര്‍, വിഷു ഒക്കെയും ഓണത്തിന്റെ മേമ്പൊടി ചേര്‍ത്താണ് പ്രവാസ ലോകം ആഘോഷിക്കാറ്.
തണുപ്പുകാലവും കടന്ന് വേനല്‍ തുടങ്ങും വരെ തുടരുന്ന ആഘോഷങ്ങള്‍. നാട്ടിലെ എല്ലാ പച്ചക്കറികളും കൈത്തറി വസ്ത്രങ്ങളും പൂക്കളുമെല്ലാം എത്തിയിട്ടുണ്ടെങ്കിലും വിലക്കയറ്റവും പറയാതെ വയ്യ. സദ്യകള്‍ തയാറാക്കാന്‍ പ്രമുഖരായ പാചക വിദഗ്ധരൊക്കെ നാട്ടിലേക്കാള്‍ കൂടുതല്‍ ഇപ്പോള്‍ ഗള്‍ഫിലെ പല രാജ്യങ്ങളിലുമാണ്. പ്രവാസി സംഘടനകള്‍ നേരത്തേ ബുക്ക് ചെയ്യുന്നതിനാല്‍ പലര്‍ക്കും യു.കെയിലും അമേരിക്കയിലും വരെ നേരത്തേതന്നെ എത്തേണ്ടിവരുന്നു. നാട്ടിലെ കലാകാരന്മാര്ക്കും പ്രവാസി ഓണം വലിയൊരു ആശ്വാസമാണ്. സിനിമ പ്രവര്‍ത്തകരും വിവിധ കലാകാരന്മാരുമെല്ലാം പ്രവാസികളുടെ ഓണാഘോഷങ്ങളിലെ സ്ഥിരം സാന്നിധ്യമാണ്.
അബൂദബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ തിരുവോണ നാളില്‍ രണ്ട് പ്രവാസി സംഘടനകളുടെ ആഘോഷങ്ങളാണ് അരങ്ങേറുക. പയ്യന്നൂര്‍ സൗഹൃദവേദിയുടെ പൊന്നോണം ഐ.എസ്.സി മിനിഹാളിലാണ് ഇന്നു നടക്കുക. സേവനം എസ്.എന്‍.ഡി.പിയുടെ ഓണപ്പരിപാടികളും ഇന്ന് ഐ.എസ്.എസിയില്‍ നടക്കുന്നുണ്ട്. യു.എ.ഇ പെരുമ്പാവൂര്‍ പ്രവാസി അസോസിയേഷന്റെ ഓണം, പൊന്നോണം പരിപാടികള്‍ സെപ്റ്റംബര്‍ 22ന് അജ്മാന് ജര്‍ഫ് 2 ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂളിലാണ് അരങ്ങേറുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.