ദുബൈ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ യുദ്ധാനന്തര ഗസ്സ പദ്ധതിയുമായി സഹകരിക്കില്ലെന്ന് യു.എ.ഇ. ഫലസ്തീൻ ജനതയുടെയും മേഖലയുടെയും താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും യു.എ.ഇ വ്യക്തമാക്കി. യുദ്ധാനന്തര ഗസ്സയിൽ അറബ് രാജ്യങ്ങളുടെ പങ്കാളിത്തം വേണമെന്ന് ഇസ്രായേൽ അനുകൂല രാജ്യങ്ങൾ നേരത്തേ ആവശ്യപ്പെട്ടിരുന്നു.
യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്. ഫലസ്തീൻ രാഷ്ട്രം യാഥാർഥ്യമാക്കാതെ യുദ്ധാനന്തര ഗസ്സ പദ്ധതിയിൽ ഒരുവിധ ഇടപെടലും നടത്താനില്ലെന്ന് മന്ത്രി പറഞ്ഞു. എക്സ് അക്കൗണ്ട് മുഖേനയാണ് യു.എ.ഇ മന്ത്രി ശൈഖ് അബ്ദുല്ലയുടെ പ്രതികരണം. യുദ്ധാനന്തരം ഗസ്സയുടെ പിന്തുണ കാര്യത്തിൽ നിലവിലെ സാഹചര്യത്തിൽ തീരുമാനമൊന്നും കൈക്കൊള്ളാനാകില്ലെന്നും മന്ത്രി തീർത്തുപറഞ്ഞു.
മന്ത്രി ശൈഖ് അബ്ദുല്ലയുടെ പ്രഖ്യാപനത്തെ പിന്തുണച്ച് യു.എഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ നയതന്ത്ര ഉപദേശകൻ അൻവർ ഗർഗാശും രംഗത്തുവന്നു. ദ്വിരാഷ്ട്ര പ്രശ്നപരിഹാരം യാഥാർഥ്യമാകാതെ മേഖലയിൽ ദീർഘകാല സുരക്ഷ ഉണ്ടാകില്ല. ഫലസ്തീൻ ജനതയുടെ സ്വയം നിർണായകാവകാശത്തെ യു.എ.ഇ ഉയർത്തിപ്പിടിക്കുമെന്നും അൻവർ ഗർഗാശ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.