ദുബൈ: എക്സ്പോ 2020ൽ എത്തുന്ന സന്ദർശകർക്ക് സുരക്ഷിത സാഹചര്യമൊരുക്കണമെന്ന് ദുരന്തനിവാരണ ഉന്നതാധികാര സമിതിയോട് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവശ്യപ്പെട്ടു.
ശൈഖ് മൻസൂർ ബിൻ മുഹമ്മദ് ആൽ മക്തൂം അധ്യക്ഷനായ സമിതി അംഗങ്ങളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.എക്സ്പോയുടെ ആതിഥേയത്വം വഹിക്കുമ്പോൾ ദുബൈ ലോകത്തിെൻറ ശ്രദ്ധാകേന്ദ്രമാകും. ഒരു ടീമായി പ്രവർത്തിച്ച്, ലോകത്തിനു മുന്നിൽ നമ്മുടെ മികവും പുതുമയും തയാറെടുപ്പും പ്രദർശിപ്പിക്കണം. 192 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളും ദശലക്ഷക്കണക്കിന് സന്ദർശകരും ദുബൈയിൽ ഒത്തുചേരും.
സുരക്ഷയുടെ ഏറ്റവും ഉയർന്ന ആഗോള മാനദണ്ഡങ്ങൾ അടയാളപ്പെടുത്തിയ ഒരു അന്തരീക്ഷത്തിലാണ് പരിപാടിയെന്ന് ഉറപ്പാക്കാനാണ് പ്രവർത്തിക്കുന്നത് -അദ്ദേഹം വ്യക്തമാക്കി. കോവിഡിനെ പ്രതിരോധിക്കാനുള്ള ദുരന്തനിവാരണ സമിതിയുടെ പ്രവർത്തനങ്ങൾ പ്രതിസന്ധി തടയുന്നതിലും സാമ്പത്തിക, സാമൂഹിക, ആരോഗ്യ പ്രത്യാഘാതങ്ങൾ ഇല്ലാതാക്കുന്നതിലും ദുബൈയെ ആഗോള മാതൃകയാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഏറ്റവും വ്യത്യസ്തമായ എക്സ്പോ ഒരുക്കുന്നതിന് ടീമംഗങ്ങൾ എല്ലാവരും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഒക്ടോബർ ഒന്നുമുതൽ ആറുമാസം നീളുന്ന ദുബൈ എക്സ്പോ 2020ന് ഒരുക്കം പുരോഗമിക്കുകയാണ്. കോവിഡാനന്തരം ലോകത്തിന് പ്രതീക്ഷ പകരുന്ന ആദ്യത്തെ ആഗോള സംഗമത്തിന് എത്തുന്നവരുടെ ആരോഗ്യ സുരക്ഷിതത്വത്തിന് മുൻഗണന നൽകുന്ന രീതിയിലാണ് സജ്ജീകരണങ്ങൾ പുരോഗമിക്കുന്നത്. എന്നാൽ, എക്സ്പോയിൽ പ്രവേശിക്കുന്നതിന് വാക്സിൻ നിർബന്ധമാക്കില്ലെന്ന് അധികൃതർ നേരത്തേ അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.