അബൂദബി: ദുബൈക്ക് പിന്നാലെ അബൂദബി വിമാനത്താവളത്തിലും യാത്രക്കാരെ മുഖംനോക്കി തിരിച്ചറിയുന്ന സാങ്കേതിക സംവിധാനം വരുന്നു. പാസ്പോർട്ടോ മറ്റ് രേഖകളോ കാണിക്കാതെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനമാണിത്.
ഘട്ടംഘട്ടമായാണ് സ്പർശനരഹിത ബയോമെട്രിക് സംവിധാനം അബൂദബി വിമാനത്താവളത്തിൽ നടപ്പാക്കുന്നത്. അത്യാധുനിക കാമറകൾ ഉപയോഗിച്ച് വിമാനത്താവളത്തിലെത്തുന്നവർ യാത്ര നടത്താൻ നിയമപരമായി തടസ്സമില്ലാത്തവരാണോ എന്ന് തിരിച്ചറിയുന്നതാണ് ഈ സംവിധാനം.
വിമാനത്തിൽ പ്രവേശിക്കുന്നതുവരെ പലയിടത്തും രേഖകൾ കാണിക്കേണ്ടതില്ല എന്നതാണ് ഇതിന്റെ സൗകര്യം. ആദ്യഘട്ടത്തിൽ അബൂദബി വിമാനത്താവളത്തിൽ അമേരിക്കയിലേക്കുള്ള യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രോട്ടക്ഷനിൽ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചുകഴിഞ്ഞു.
ടച്ച്ലസ് ബയോമെട്രിക് സംവിധാനം ഉൾപ്പെടെ എയർപോർട്ട് മേഖലയിലെ അത്യാധുനിക സൗകര്യങ്ങൾ അബൂദബി എയർ എക്സ്പോയിൽ പ്രദർശിപ്പിക്കുന്നുണ്ട്.
സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ആദ്യ എയര്‍ലൈനായി ഇത്തിഹാദ് എയര്‍വേസ് മാറും.
ഈ മാസം 15 മുതല്‍ ആഴ്ചയില്‍ 11 സർവിസുകള്‍ വരെ ഇത്തിഹാദ് യു.എസിലെ ജോണ്‍ എഫ്. കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നടത്തുന്ന സാഹചര്യത്തില്‍ ഈ സാങ്കേതികവിദ്യ എയര്‍ലൈന്‍ ഉപയോഗിക്കുന്നത് നടപടികള്‍ വളരെ ലളിതമാക്കാന്‍ സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.