ദുബൈ: ഫാത്തിമ മൻഹക്ക് ഒരാളുടെ ചിത്രം തിരിച്ചറിയാൻ ഒരു നിമിഷം മതി. ഇങ്ങനെ 60 സെക്കൻഡിൽ 55 പേരുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യ ബുക്ക്സ് ഓഫ് റെക്കോഡിൽ ഇടംപിടിച്ചിരിക്കുകയാണ് അൽ തല്ല ഹാബിറ്റാറ്റ് സ്കൂളിലെ ഗ്രേഡ് രണ്ട് വിദ്യാർഥി ഫാത്തിമ മൻഹ. സ്വാതന്ത്ര്യസമര സേനാനികൾ മുതൽ ഇന്ത്യൻ വനിത ടീം ക്യാപ്റ്റൻ മിതാലി രാജ് വരെ വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്നവരുടെ പേരാണ് മൻഹ ഓർത്തെടുക്കുന്നത്.
ഓരോ പതിറ്റാണ്ടിലുമുള്ള വ്യക്തികളെയാണ് ചിത്രങ്ങൾ നോക്കി നിമിഷനേരം കൊണ്ട് മൻഹ തിരിച്ചറിയുന്നത്. 200ൽ കൂടുതൽ വ്യക്തിത്വങ്ങളെ അറിയാമെങ്കിലും സമയം ഒരു മിനിറ്റായി പരിമിതപ്പെടുത്തിയതിനാൽ 55 പേരാണ് മൻഹയുടെ മനസ്സിലൂടെ മിന്നിമാഞ്ഞത്.
സ്കൂളിൽ പഠനത്തിലും പഠനേതര പ്രവർത്തനങ്ങളിലും ഒന്നാം സ്ഥാനത്താണ് ഈ ഏഴു വയസ്സുകാരി. പുസ്തകങ്ങളിൽ ഒരുതവണ കാണുന്ന പ്രശസ്തരെ വീണ്ടും ഓർത്തെടുക്കുന്നത് ശ്രദ്ധയിൽപെട്ടപ്പോഴാണ് മകളുടെ കഴിവ് തിരിച്ചറിഞ്ഞതെന്ന് മാതാപിതാക്കളായ തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി ഹാറൂൺ അബ്ദുൽസലാമും ഭാര്യ ഷിബിന ഹാറൂണും പറയുന്നു.
രണ്ട് െറക്കോഡുകൾകൂടി കൊയ്തെടുക്കാനുള്ള ശ്രമത്തിലാണ് മൻഹ. രണ്ട് മിനിറ്റിനുള്ളിൽ 200 ഫുൾഫോമുകൾ ഓർത്തെടുത്ത് ഏഷ്യൻ റെക്കോഡും അറേബ്യൻ റെക്കോഡും സ്വന്തമാക്കുകയാണ് ലക്ഷ്യം. ഇൻറർനാഷനൽ റെക്കോഡിനും ഇത് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ദുബൈ ആർ.ടി.എയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പാഴ്സൻസ് ഇൻറർനാഷനൽസ് ലിമിറ്റഡിലെ എൻജിനീയറാണ് ഹാറൂൺ. ഇളയ മകൾ സന സുൽത്താന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.