ദുബൈ: ഗതാഗതനിയമം പാലിക്കാതെ എമിറേറ്റിലെ റോഡുകളിൽ വാഹനമോടിച്ചാൽ വ്യാഴാഴ്ച മുതൽ കൂടുതൽ പിഴ. അശ്രദ്ധമായ ഡ്രൈവിങ്, റെഡ് സിഗ്നൽ മറികടക്കൽ തുടങ്ങിയ ഗുരുതര ട്രാഫിക് നിയമലംഘനങ്ങൾക്കാണ് പുതുക്കിയ പിഴ ഈടാക്കുക. ഇതുസംബന്ധിച്ച നിയമത്തിന് നേരത്തേ അധികൃതർ രൂപം നൽകിയിരുന്നു. പുതുക്കിയ നിയമമനുസരിച്ച് ഗുരുതര നിയമലംഘനങ്ങളിൽ പിടിക്കപ്പെട്ടാൽ പിടിച്ചെടുത്ത വാഹനങ്ങൾ തിരിച്ചുകിട്ടാൻ 50,000 ദിർഹം വരെ അടക്കേണ്ടതായിവരും.
വിനോദപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ സാധാരണ റോഡിൽ ഓടിക്കുക, അശ്രദ്ധമായും മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുന്ന രീതിയിലും ഡ്രൈവ് ചെയ്യുക, ചുവന്ന് സിഗ്നൽ മറികടക്കുക, വ്യാജമായതോ അവ്യക്തമായതോ നിയമപരമല്ലാത്തതോ ആയ നമ്പർപ്ലേറ്റുകൾ ഉപയോഗിക്കുക, മനഃപൂർവം പൊലീസ് വാഹനത്തിൽ ഇടിക്കുകയോ തകരാർ വരുത്തുകയോ ചെയ്യുക എന്നിവയാണ് ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ട്രാഫിക് നിയമലംഘനങ്ങൾ കർശന നടപടികളിലൂടെ നിയന്ത്രിക്കുകയാണ് പുതുക്കിയ പിഴയിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്. അപകടങ്ങൾ കുറക്കുന്നതിന് ദുബൈ പൊലീസ് തുടർച്ചയായി ഡ്രൈർമാർക്ക് ബോധവത്കരണവും നൽകിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.