ദുബൈ: യാത്രക്കാരുടെ കഴുത്തറക്കുന്ന ആഘോഷ സീസണ്‍ അവസാനിച്ചതോടെ വിമാന കമ്പനികള്‍ പുതിയ ഓഫറുകളുമായി രംഗത്ത്. അടുത്ത രണ്ടരമാസക്കാലം ഓഫ് സീസണ്‍ ആയതിനാല്‍ സീറ്റ് നിറക്കാന്‍ വന്‍ ആനുകൂല്യങ്ങൾ മത്സരിച്ച് പ്രഖ്യാപിക്കുകയാണ് വിവിധ കമ്പനികൾ.സ്കൂൾ അവധിക്കാലത്തും ഓണത്തിനും പെരുന്നാളിനും മുമ്പുള്ള ദിവസങ്ങളിലും കഴുത്തറുപ്പന്‍ നിരക്ക് ഈടാക്കിയിരുന്ന പല വിമാന കമ്പനികളും നവംബർ വരെയുള്ള നിരക്ക് കുത്തനെ താഴ്ത്തി. ക്രിസ്മസും പുതുവർഷവും വരുന്നതിനാല്‍ ഡിസംബറിലെ നിരക്ക് സ്വാഭാവികമായും കൂടും. ബജറ്റ് എയർലൈനുകളായ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും സ്‌പൈസ് ജെറ്റും ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു. ഇൻഡിഗോ വെള്ളിയാഴ്ച ദുബൈയിൽ നിന്ന് കൊച്ചിയിലേക്ക് ഇൗടാക്കിയ നിരക്ക് വെറും 273 ദിർഹമായിരുന്നു. കോഴിക്കോേട്ടക്ക് ഇനി കുറേദിവസത്തേക്ക് നിരക്ക് 285 ദിർഹമാണ്. 5000 രൂപയിൽ താഴെ മാത്രം.
ബലിപെരുന്നാള്‍, ഗള്‍ഫ് അവധി സമയങ്ങളില്‍ ഇത് 20,000 രൂപക്ക് മുകളിലായിരുന്നു. 30 കിലോ ബാഗേജ് 40 കിലോയാക്കി കൂടിയിട്ടുമുണ്ട്. കോര്‍പ്പറേറ്റ് ആനുകൂല്യങ്ങളും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഒന്നിച്ച് യാത്ര ചെയ്താൽ കൂടുതൽ ആകർഷകമായ ഒാഫറാണ് ലഭിക്കുക. എയർ ഇന്ത്യ എക്സ്പ്രസിൽ കോഴിക്കോേട്ടക്ക് 285 ദിർഹവും കൊച്ചിയിലേക്ക് 265 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. 30 ദിർഹം അധികം നൽകിയാൽ 10കിലോ അധികം ലഗേജും കൊണ്ടുപോകാം. സ്‌പൈസ് ജെറ്റ് നിരക്കും ഏതാണ്ട് ഇതു തന്നെയാണ്.
എന്നാൽ കേരളത്തിൽ നിന്ന് ഗൾഫിലേക്ക് നിരക്കിൽ അധികം ഇളവ് ഇപ്പോൾ ലഭ്യമല്ല. നാട്ടിൽ നിന്നുള്ള പ്രവാസികളുടെ മടങ്ങിവരവ് അവസാനിക്കാത്തതാണ് കാരണം. അടുത്തമാസത്തോടെ ഇങ്ങോട്ടുള്ള ടിക്കറ്റ് നിരക്കിലും കുറവുണ്ടാകുമെന്ന് ഇൗ മേഖലയിലുള്ളവർ പറഞ്ഞു.മത്സരം ശക്തമായതോടെ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് പുറമേ വിദേശ വിമാന കമ്പനികളും വമ്പന്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലൈദുബൈ വിമാനങ്ങള്‍ നിരക്ക് 50 ശതമാനം കുറച്ചു. കഴിഞ്ഞദിവസം മുതല്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളടക്കം 80 നഗരങ്ങളിലേക്കുള്ള നിരക്ക് പകുതിയിലേറെയാണ് വെട്ടികുറച്ചത്. കൊച്ചിയിലേക്ക് 772 ദിര്‍ഹമിന് പോയി വരാം. നവംബറില്‍ ഇത് 696 ദിര്‍ഹമായും, ഫെബ്രുവരിയില്‍ 544 ദിര്‍ഹവുമായി കുറയുന്നുണ്ട്.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളില്‍ എമിറേറ്റ്‌സ് എയര്‍ ലൈന്‍സില്‍ ദുബൈ^കൊച്ചി സെക്ടറിൽ യാത്രചെയ്യാന്‍ പരമാവധി 470 ദിര്‍ഹമാണ്. 40 കിലോ സൗജന്യ ബാഗേജുമുണ്ട്. പക്ഷെ ഏറ്റവുമധികം സൗജന്യം പ്രഖ്യാപിച്ചത് എയർ ഇന്ത്യ തന്നെ. എയര്‍ ഇന്ത്യ ദുബൈയിൽ നിന്നും ഷാർജയിൽ നിന്നുമുള്ള യാത്രക്കാർക്ക് സൗജന്യ ബാഗേജ് 50 കിലോയാക്കി ഉയർത്തി. ഒക്ടോബർ 31 വരെ ഇക്കോണമി ടിക്കറ്റെടുക്കുന്നവർക്കും യാത്ര ചെയ്യുന്നവർക്കുമാണ് ഇൗ ആനുകൂല്യം. ഇതാദ്യമായാണ് എയർ ഇന്ത്യ ഇത്രയധികം സൗജന്യ ബാഗേജ് അനുവദിക്കുന്നത്.
ദുബൈയിൽ നിന്ന് കോഴിക്കോട്, കൊച്ചി, ചെന്നൈ, ഹൈദരബാദ്, മുംബൈ, വിശാഖപട്ടണം എന്നിവിടങ്ങളിലേക്കും ഷാർജയിൽ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുമാണ് 50 കിലോ സൗജന്യ ബാഗേജ് അനുവദിക്കുകയെന്ന് എയർ ഇന്ത്യ അറിയിച്ചു. എട്ടു കിലോ ഹാൻറ് ബാഗേജ് വേറെയും ലഭിക്കും.ഒരു പെട്ടിയിൽ പരമാവധി 32 കിലോ എന്ന വിമാനത്താവള നിബന്ധനയിൽ മാറ്റമില്ല. സാധാരണ 30 കിലോയാണ് എയർ ഇന്ത്യയുടെ സൗജന്യ ബാഗേജ്. എന്നാൽ ഒാഫ് സീസണായതിനാൽ സപ്തംബര്‍ അഞ്ചു മുതല്‍ നവംബര്‍ 30 വരെ 10 കിലോ അധിക ബാഗേജ് അനുവദിച്ചിരുന്നു. അതാണ് ഇപ്പോൾ ഒക്ടോബർ 31 വരെ 10 കിേലാ കൂടി ഉയർത്തിയത്. ബിസിനസ് ക്ലാസിൽ നേരത്തെ തന്നെ 50 കിലോ സൗജന്യ ബാഗേജ് അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.