ദുബൈ: അബൂദബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) പേരിൽ തട്ടിപ്പ് നടക്കുന്നതായി മുന്നറിയിപ്പ്. കമ്പനിയിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് സമൂഹ മാധ്യമങ്ങളിൽ പരസ്യം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഈ പരസ്യവുമായി ബന്ധമില്ലെന്നും ചതിയിൽ പെടരുതെന്നും അഡ്നോക്ക് മുന്നറിയിപ്പ് നൽകി.
അഡ്നോക്ക് കമ്പനിയിൽ നിക്ഷേപത്തിന് അവസരമുണ്ടെന്ന് അവകാശപ്പെട്ട് ചില പ്രമുഖ വ്യക്തിത്വങ്ങളെ ഉപയോഗിച്ചാണ് പരസ്യം പ്രചരിക്കുന്നതെന്ന് കമ്പനി അധികൃതർ ട്വിറ്ററിൽ ചൂണ്ടിക്കാട്ടി. സ്ഥാപനത്തിലെ നിക്ഷേപവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾക്ക് അഡ്നോക്കിന്റെ സ്വന്തം സമൂഹ മാധ്യമ അക്കൗണ്ടുകളെ മാത്രം ആശ്രയിക്കണമെന്നും മറ്റു പരസ്യങ്ങളിൽ വീണുപോകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളുടെ പേരിൽ ഇത്തരം പരസ്യങ്ങൾ നൽകി ആളുകളെ കബളിപ്പിക്കുന്നത് അടുത്തകാലത്തായി വർധിച്ചിട്ടുണ്ട്. എമിറേറ്റ്സ് യാത്ര സൗജന്യങ്ങൾ നൽകുന്നുവെന്ന് അവകാശപ്പെട്ട് സമാനമായി രീതിയിൽ പരസ്യം പ്രചരിച്ചിരുന്നു. പരസ്യം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി എമിറേറ്റ്സ് രംഗത്തുവന്നതോടെയാണ് ഇത് തട്ടിപ്പ് ശ്രമമായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞത്. ഓൺലൈൻ രംഗം ഉപയോഗപ്പെടുത്തി തട്ടിപ്പുകൾ വർധിച്ചതോടെ ശക്തമായ നടപടികൾ അധികൃതർ സ്വീകരിച്ചുവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.