ഭാവിയിലേക്ക് തൊഴിൽ വൈദഗ്ധ്യമുള്ളവരെ പ്രാപ്തമാക്കുന്നതിനും അവരുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമാക്കിയാണ് പദ്ധതി
അബൂദബി: പ്രശസ്തമായ '42 നെറ്റ്വർക്ക് ഓഫ് കോഡിങ്'കമ്പ്യൂട്ടർ പ്രോഗ്രാമിങ് സ്കൂളുകളുടെ പ്രഥമ ജി.സി.സി കാമ്പസ് ഫെബ്രുവരിയിൽ അബൂദബിയിൽ തുറക്കും. ഭാവിയിലേക്ക് തൊഴിൽ വൈദഗ്ധ്യമുള്ളവരെ പ്രാപ്തമാക്കുന്നതിനും അവരുടെ കഴിവുകൾ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമാക്കിയാണ് പദ്ധതിയെന്ന് അബൂദബി വിദ്യാഭ്യാസ വൈജ്ഞാനിക വകുപ്പ് (അഡെക്) അറിയിച്ചു. വൈവിധ്യവും സമഗ്രവുമായ വിദ്യാഭ്യാസ ഇൻഫ്രാസ്ട്രക്ചർ സൃഷ്ടിക്കുന്നതിനുള്ള അബൂദബിയുടെ കാഴ്ചപ്പാടിെൻറ ഭാഗമായാണിത്.
അബൂദബിയുടെ ത്രിവർഷ ആക്സിലറേറ്റർ പദ്ധതിയായ ഗദാൻ 21െൻറ ഭാഗമാണ് പുതിയ കാമ്പസ്. അബൂദബിയിലെ മിന സായിദ് വെയർഹൗസ് ജില്ലയുടെ ഹൃദയഭാഗത്താണ് വ്യത്യസ്തമായ പഠനത്തിനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നത്. പാരിസിൽ 2013ൽ സേവ്യർ നീൽ ആരംഭിച്ച കോഡിങ് പ്രോഗ്രാമിങ് വിദ്യാഭ്യാസത്തിെൻറ ട്യൂഷൻ രഹിത മാതൃകയാണ് അബൂദബിയിലെ പുതിയ സ്കൂളിൽ പിന്തുടരുക. ഏഴ് വർഷത്തിനുള്ളിൽ ആഗോളതലത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന 42 സ്കൂളുകളുടെ ശൃംഖലയുടെ ഭാഗമായാണ് ജി.സി.സിയിലെ ആദ്യത്തെ സ്കൂൾ അബൂദബിയിൽ തുറക്കുക. 750 വിദ്യാർഥികൾക്കുവരെ പരിശീലനം നൽകാനാവുമെന്ന് അഡെക് ചെയർമാൻ സാറാ മുസല്ലം പറഞ്ഞു. കോഡിങ്ങും കോഡ് ചിന്തയും എല്ലാതലങ്ങളിലെയും കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കും.
മത്സരശേഷിയും സുസ്ഥിരവും സുരക്ഷിതവുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള നേതാക്കളുടെ കാഴ്ചപ്പാടിെൻറ ഭാഗമാണിത്. സംസ്കാരം, വിദ്യാഭ്യാസം, നൂതന ശാസ്ത്രം, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബയോടെക്നോളജി, മെഡ്ടെക്, അഗ്രിടെക് എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ യു.എ.ഇ-ഫ്രാൻസ് സഹകരണത്തിെൻറ ഭാഗമാണ് പുതിയ വിദ്യാഭ്യാസ രീതി നടപ്പാക്കുന്നതെന്നും അധികൃതർ പറഞ്ഞു.
യു.എ.ഇയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുന്നതിന് '42 നെറ്റ്വർക്ക് ഓഫ് കോഡിങ്'സഹായിക്കുമെന്ന് യു.എ.ഇയിലെ ഫ്രഞ്ച് അംബാസഡർ ലുഡോവിക് പൗളി ചൂണ്ടിക്കാട്ടി.
18 വയസ്സിന് മുകളിലുള്ളവർക്ക് അപേക്ഷിക്കാം. ലോജിക്, മെമ്മറി ടെസ്റ്റുകൾ വഴി വൈജ്ഞാനിക ശേഷി വിലയിരുത്തുന്ന ഓൺലൈൻ പ്രീ-സെലക്ഷൻ അസസ്മെൻറ് നടത്തുന്നതിന് www.42AbuDhabi.ae എന്ന വെബ് സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.