ദുബൈ: ഡ്രൈവർമാർക്ക് ലൈസൻസിലെ ബ്ലാക് പോയന്റുകൾ കുറക്കാൻ സുവർണാവസരം വാഗ്ദാനം ചെയ്ത് ‘ആക്സിഡന്റ് ഫ്രീ ഡേ’ കാമ്പയിൻ പ്രഖ്യാപിച്ച് യു.എ.ഇ ആഭ്യന്തര മന്ത്രാലയം. ആഗസ്റ്റ് 26 മുതൽ രണ്ടാഴ്ചത്തേക്കാണ് അവസരം. ഈ ദിവസങ്ങളിൽ അപകടമില്ലാതെ വാഹനം ഓടിച്ചാൽ നാല് ബ്ലാക് പോയന്റ് വരെ കുറക്കാമെന്ന് അധികൃതർ അറിയിച്ചു.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ നൽകിയ ട്രാഫിക് പ്രതിജ്ഞയിൽ ഒപ്പുവെച്ച് ആർക്കും കാമ്പയിനിന്റെ ഭാഗകമാകാം. ഡ്രൈവർമാരും രക്ഷിതാക്കളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർഥിച്ചു.
യു.എ.ഇയിലെ സ്കൂളുകളിൽ പുതിയ അധ്യയനവർഷം ആരംഭിക്കുന്ന ദിനത്തിലാണ് കാമ്പയിനിന്റെ തുടക്കമെന്നത് യാദൃച്ഛികമായി. വേനലവധിക്ക് ശേഷം കുട്ടികൾ സ്കൂളുകളിലേക്ക് മടങ്ങിയെത്തുന്ന ആദ്യദിനം അപകടരഹിതമാണെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.
വാഹനത്തിന്റെ സുരക്ഷ, സ്കൂളുകൾക്ക് സമീപമുള്ള വേഗപരിധി, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോണിന്റെ ഉപയോഗം തുടങ്ങിയ കാര്യങ്ങളിൽ ഡ്രൈവർമാരെ ബോധവാന്മാരാക്കി ഉത്തരവാദിത്തമുള്ള ഡ്രൈവിങ് സംസ്കാരം പ്രോത്സാഹിപ്പിക്കുകയാണ് കാമ്പയിനിന്റെ ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ട്രാഫിക് ലൈനുകൾ അനുസരിക്കുക, വാഹനങ്ങൾക്കിടയിൽ കൃത്യമായ അകലം പാലിക്കുക, കാൽനടക്കാർക്ക് മുൻഗണന നൽകുക, എമർജൻസി വാഹനങ്ങൾക്ക് വഴിയൊരുക്കുക തുടങ്ങിയ കാര്യങ്ങൾ ഉറപ്പുവരുത്തുകയും കാമ്പയിൻ ലക്ഷ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.