ദുബൈ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള ലക്ഷം കോഡർമാർക്ക് യു.എ.ഇ 10 വർഷ ഗോൾഡൻ വിസ നൽകും. കഴിഞ്ഞദിവസം യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിച്ച 'നാഷനൽ പ്രോഗ്രാം ഫോർ കോഡിങ്' പദ്ധതിയുടെ ഭാഗമായാണ് വമ്പൻ ഓഫർ പ്രഖ്യാപിച്ചത്.
ഡിജിറ്റൽ കമ്പനികൾ സ്ഥാപിക്കാനും പുതിയ ആശയങ്ങളും പദ്ധതികളും വികസിപ്പിക്കാനും സംരംഭകർക്കും സോഫ്റ്റ്വെയർ ഡവലപർമാർക്കും സാമ്പത്തികസഹായം നൽകാനും തീരുമാനിച്ചു. ഡിജിറ്റൽ വിഗദ്ധരെ വാർത്തെടുക്കാനും വമ്പൻ കമ്പനികളുടെ ആസ്ഥാനമാക്കി ദുബൈയെ മാറ്റാനും ലക്ഷ്യമിട്ടാണ് ദേശീയപദ്ധതി പ്രഖ്യാപിച്ചത്. അന്തരാഷ്ട്ര തലത്തിലെ ഡിജിറ്റൽ ഭീമന്മാരായ ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ആമസോൺ, ഫേസ്ബുക്ക്, സിസ്കോ, ഐ.ബി.എം, എച്ച്.പി.ഇ, ലിങ്കെഡ് ഇൻ തുടങ്ങിയവയുമായി സഹകരിച്ചാണ് കമ്പ്യൂട്ടൻ പ്രോഗ്രാമേഴ്സിന് പദ്ധതി നടപ്പിലാക്കുക.
അഞ്ചുവർഷത്തിനകം ലക്ഷം സോഫ്റ്റ്വെയർ ഡെവലപ്പർമാരെ പരിശീലിപ്പിക്കുകയും ആകർഷിക്കുകയും ആയിരം വമ്പൻ ഡിജിറ്റൽ കമ്പനികൾ വികസിപ്പിക്കുകയും ചെയ്യലാണ് പദ്ധതിയുടെ ലക്ഷ്യം.
സ്റ്റാർട്ടപ്പുകളിലേക്കുള്ള നിക്ഷേപം ഇരട്ടിയിലധികം വർധിപ്പിച്ച് 1.5 ബില്യണിൽനിന്ന് 4 ബില്യണിലേക്ക് ഉയർത്താൻ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഡിജിറ്റൽ ഇക്കോണമി ശക്തിപ്പെടുത്താനുള്ള ശ്രമത്തിെൻറ ഭാഗമാണ് പദ്ധതിയെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കഴിഞ്ഞദിവസം കുറിച്ചിരുന്നു. കോഡർമാർക്കായുള്ള ദേശീയ പദ്ധതി അഞ്ച് പ്രധാന കാര്യങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കോഡർമാർ, സംരംഭകർ, സ്റ്റാർട്ടപ്പുകൾ, വലിയ കമ്പനികൾ, അക്കാദമിക് മേഖല എന്നിവയെ പിന്തുണക്കലാണ് ഇതിൽ പ്രധാനം.
കോഡർമാരും പ്രാദേശിക കമ്പനികളും സർവകലാശാലകളും തമ്മിലെ ബന്ധം പ്രോത്സാഹിപ്പിക്കാൻ സമഗ്ര പ്ലാറ്റ്ഫോം വികസിപ്പിക്കുക, പ്രാദേശിക പ്രതിഭകളുടെ കാര്യക്ഷമത വർധിപ്പിക്കാൻ അന്താരാഷ്ട്ര പരിശീലകരെ ഉൾപ്പെടുത്തി നൈപുണ്യ വികസന സംരംഭങ്ങൾ ആരംഭിക്കുക, മികച്ച അന്താരാഷ്ട്ര കോഡിങ് പ്രഫഷനലുകളെ യു.എ.ഇയിലേക്ക് ആകർഷിക്കുക, വിവിധ സർക്കാർ സ്ഥാപനങ്ങളുമായി സഹകരിച്ച് കോഡിങ് മേഖലയുടെ വികസനം പ്രോത്സാഹിപ്പിക്കാൻ നയങ്ങൾ ശിപാർശ ചെയ്യുക എന്നിവയാണ് മറ്റു കാര്യങ്ങൾ.
വിവിധ തൊഴിൽ മേഖലകളിൽ നിപുണരായ പ്രതിഭകൾക്ക് യു.എ.ഇയിൽ തുടരുന്നതിന് പ്രോത്സാഹനം നൽകുന്നതിന് ഗോൾഡൻ വിസ നൽകിവരുന്നുണ്ട്. കലാ, കായിക, ആരോഗ്യ മേഖലകളിലെ നിരവധി പ്രമുഖർക്ക് നിലവിൽ 10 വർഷ വിസ വിതരണം ചെയ്തുവരുന്നുണ്ട്.
മികച്ച വിജയം കൈവരിക്കുന്ന വിദ്യാർഥികൾക്കും ഇതുനൽകുന്നുണ്ട്. ഡിജിറ്റൽ സാമ്പത്തിക വ്യവസ്ഥ എന്ന കാഴ്ചപ്പാടിെൻറ അടിസ്ഥാനത്തിലാണ് സോഫ്റ്റ്വെയർ ഡെവലപർമാരെ ആകർഷിക്കാൻ ഗോൾഡൻ വിസ ഓഫർ ചെയ്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.